ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഇന്ത്യക്കായി 148 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. കൃത്യമായ ഇടവേളകളില്‍ പാക് വിക്കറ്റുകള്‍ പിഴുത ഇന്ത്യക്ക് പാക് ബാറ്റിങ്ങിനെ പിടിച്ചുകെട്ടാന്‍ സാധിച്ചിരുന്നു.
ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടിയപ്പേള്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 42 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനായിരുന്നു പാകിസ്ഥാന്റെ ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ എല്ലാ ആവേശവും ആദ്യ പന്ത് മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
ഹൈ പ്രഷര്‍ ഗെയിമിലും കളിക്കാര്‍ ശാന്തരായിരുന്നു. ഇരു ടീമുകളും വാശിയോടെ തന്നെ പോരടിച്ചു. ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ രണ്ടാം പന്തില്‍ തന്നെ പ്രഷറിലാക്കാന്‍ പാകിസ്ഥാനും നസീം ഷാക്കും സാധിച്ചിരുന്നു.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ പൂജ്യത്തിനായിരുന്നു നസീം ഷാ പുറത്താക്കിയത്. എക്‌സ്ട്രാ പേസ് ബോളില്‍ ഇന്‍സൈഡ് എഡ്‌ജെടുത്ത് ബൗള്‍ഡായിട്ടായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ നേരിട്ടപ്പോഴും ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ സമനമായ രീതിയിലായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്.
ഔട്ടായതിന് ശേഷം ഒരുപാട് ട്വീറ്റുകളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരുന്നത്. മത്സരം ഇന്ത്യ വിജയിച്ചെങ്കിലും രാഹുലിന് അതില്‍ ഒരു ബന്ധവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചോകിങ് ഒരു കലയാണെങ്കില്‍ രാഹുല്‍ ഒരു കലാകാരന്‍ ആണെന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ ഫ്രോഡാണെന്ന് ട്വീറ്റ് ചെയ്ത ആരാധകനെയും ട്വിറ്ററില്‍ കാണാം. എന്തായാലും വലിയ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നത് രാഹുലിന് നല്ലതായിരിക്കില്ല.
Content Highlight: Fans Slams Kl Rahul after his failure against Pakistan