'ഗില്ലേ, ഇനി നീ റണ്ണെടുക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെയാണെങ്കിലേ നിനക്ക് അടുത്ത കളിയില്‍ അവസരം ലഭിക്കൂ'
Sports News
'ഗില്ലേ, ഇനി നീ റണ്ണെടുക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെയാണെങ്കിലേ നിനക്ക് അടുത്ത കളിയില്‍ അവസരം ലഭിക്കൂ'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th February 2023, 9:05 am

 

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ അല്‍പം അമര്‍ഷത്തിലായിരുന്നു. മിന്നുന്ന ഫോമില്‍ തുടരുന്ന സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന് പ്ലെയിങ് ഇലവനില്‍ അവസരം നല്‍കാത്തതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മന്‍ ഗില്‍ ഓപ്പണിങ്ങില്‍ ഇറങ്ങുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. കെ.എല്‍. രാഹുലിനെ മധ്യനിരയിലേക്കിറക്കി ഗില്ലിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ആരാധകരുടെ കണക്കുകൂട്ടലുകള്‍ ഒന്നാകെ തെറ്റിച്ച് സൂര്യകുമാര്‍ മധ്യനിരയിലെത്തുകയും കെ.എല്‍. രാഹുല്‍ ഓപ്പണറാവുകയുമായിരുന്നു. ഗില്ലിനാകട്ടെ ടീമില്‍ സ്ഥാനം ലഭിച്ചതുമില്ല. ഇതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ തങ്ങളുടെ അമര്‍ഷമറിയിച്ചിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനം കണ്ടതോടെ അവരുടെ ദേഷ്യത്തിനും സങ്കടത്തിനും അല്‍പം കുറവ് വന്നിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ രാഹുല്‍ വീണ്ടും മോശം പ്രകടനം കാഴ്ചവെച്ചതോടെ ആരാധകര്‍ വീണ്ടും കട്ടക്കലിപ്പിലാണ്.

71 പന്തില്‍ നിന്നും 20 റണ്‍സ് മാത്രം നേടിയാണ് രാഹുല്‍ മടങ്ങിയത്. 28.17 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്‍സ് നേടിയത്. ഒറ്റ ബൗണ്ടറി മാത്രമേ മത്സരത്തില്‍ രാഹുലിന് നേടാന്‍ സാധിച്ചുള്ളൂ.

ഓസീസ് നിരയില്‍ അരങ്ങേറ്റം കുറിച്ച ടോഡ് മര്‍ഫിയാണ് രാഹുലിനെ പുറത്താക്കിയത്. 23ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചില്‍ മര്‍ഫി ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ പുറത്താക്കി.

ഇതോടെ ആരാധകര്‍ വീണ്ടും സോഷ്യല്‍ മീഡിയ കയ്യടക്കിയിരിക്കുകയാണ്. ഗില്ലിന് വേണ്ടിയാണ് ഇവര്‍ വാദിക്കുന്നത്.

ഇനി ലഭിക്കുന്ന അവസരങ്ങളിലെല്ലാം പരാജയമായാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സാധിക്കുമെന്നും മാനേജ്‌മെന്റില്‍ ലോബിയുണ്ടെന്നും ആരാധകര്‍ പറയുന്നു. വരും മത്സരങ്ങളില്‍ ഗില്ലിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

രാഹുലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് ആദ്യ ദിവസം നഷ്ടമായത്. 177 റണ്‍സിന് എതിരാളികളെ എറിഞ്ഞിട്ട ഇന്ത്യ ആദ്യ ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 24 ഓവറില്‍ 77ന് ഒന്ന് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റണ്ണൊന്നുമെടുക്കാതെ ആര്‍. അശ്വിനുമാണ് ഇന്ത്യക്കായി ക്രീസില്‍.

 

Content Highlight: Fans slams Indian team for not including Shubman Gill in playing eleven