| Tuesday, 3rd January 2023, 6:07 pm

ബാബറിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ബാറ്റെടുത്ത് അവന്റെ തലക്കടിച്ച് കൊന്നേനേ... സെല്‍ഫിഷ് പാക് താരത്തിനെതിരെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ പാക് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ പാകിസ്ഥാന്‍ ബാറ്റിങ് തുടരുകയാണ്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 449 റണ്‍സ് നേടിയിരുന്നു. 2023ലെ ആദ്യ സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വേയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിത്.

കോണ്‍വേക്ക് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ടോം ലാഥമിന്റെയും ടോം ബ്ലണ്ടലിന്റെയും വാലറ്റക്കാരന്‍ മാറ്റ് ഹെന്റിയുടെയും ഇന്നിങ്‌സ് കിവികള്‍ക്ക് കരുത്തായി.

ലാഥം 71 റണ്‍സും ബ്ലണ്ടല്‍ 51 റണ്‍സും നേടിയപ്പോള്‍ ഹെന്റി 68 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാറ്റ് ഹെന്‍ റിക്കൊപ്പം പതിനൊന്നാമന്‍ അജാസ് പട്ടേലും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെയാണ് കിവീസ് 400 കടന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 47 ഓവര്‍ പിന്നിടുമ്പോള്‍ 154ന് മൂന്ന് എന്ന നിലയിലാണ്. അബ്ദുള്ള ഷഫീഖിന്റെയും ഷാന്‍ മസൂദിന്റെയും നായകന്‍ ബാബര്‍ അസമിന്റെയും വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.

അബ്ദുള്ള ഷഫീഖ് 32 പന്തില്‍ നിന്നും 19 റണ്‍സ് നേടിയപ്പോള്‍ ഷാന്‍ മസൂദ് 11 പന്തില്‍ നിന്നും 20 റണ്‍സും ബാബര്‍ അസം 41 പന്തില്‍ നിന്നും 24 റണ്‍സും നേടി പുറത്തായി.

നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെയാണ് ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്തായത്. 24ാം ഓവറിന്റെ രണ്ടാം പന്തില്‍ താരം ഷോട്ട് കളിക്കുകയും പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ സിംഗിളിന് ശ്രമിക്കുകയുമായിരുന്നു. സ്‌ട്രൈക്കില്‍ നിന്ന ഇമാം റണ്‍ ഇനിഷ്യേറ്റ് ചെയ്യുകയും എന്നാല്‍ കുറച്ച് സ്റ്റെപ്പുകള്‍ വെച്ച ശേഷം തിരിച്ചു കയറുകയുമായിരുന്നു.

എന്നാല്‍ ബാബര്‍ തന്റെ റണ്‍ കംപ്ലീറ്റ് ചെയ്ത് സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ എത്തിയിരുന്നു. ഇതിനിടെ ന്യൂസിലാന്‍ഡ് താരങ്ങള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ താരത്തെ റണ്‍ ഔട്ടാക്കുകയായിരുന്നു. ഔട്ടായതിന് പിന്നാലെ ഇമാം ബാബറിനോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ പാക് ആരാധകര്‍ ഒന്നടങ്കം കലിപ്പിലാണ്. ഇമാമിന്റെ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബാബറിന്റെ സ്ഥാനത്ത് താനാണെങ്കില്‍ ഇമാമിനെ ബാറ്റ് എടുത്ത് അടിക്കുമായിരുന്നു എന്നും ആരാധകര്‍ പറയുന്നു.

2022ല്‍ ഒറ്റ ഹോം മത്സരം പോലും ജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. കളിച്ച ഏഴ് മത്സരത്തില്‍ നാല് തോല്‍വിയും മൂന്ന് സമനിലയുമാണ് പാകിസ്ഥാന് സ്വന്തമായുള്ളത്.

2023ലെങ്കിലും ഹോം മത്സരത്തില്‍ ജയിക്കണമെന്നും വിജയത്തോടെ പുതിയ വര്‍ഷം ആരംഭിക്കണെന്നുമുള്ള വാശിയിലാണ് പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്.

Content Highlight: Fans slams Imam-ul-Haq for dismissing Babar Azam

We use cookies to give you the best possible experience. Learn more