മോശം ഫീല്‍ഡിങ്ങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന ടീമാണ് പാകിസ്ഥാന്‍. എളുപ്പമുള്ള ക്യാച്ചുകള്‍ നിലത്തിട്ടും പരസ്പരം കൂട്ടിയിടിച്ചും താരങ്ങള്‍ തമ്മിലുള്ള മിസ് കമ്മ്യൂണിക്കേഷന്റെ ഭാഗമായുള്ള മിസ്ഫീല്‍ഡുകളും ആരാധകരെ എന്നും ചിരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും രസകരമായ മീമുകളില്‍ ചിലതും ഇത്തരം ഫീല്‍ഡിങ് മോമെന്റുകളുടെ ഭാഗമായി പിറവിയെടുത്തതാണ്.
ഇപ്പോള്‍ വീണ്ടും മോശം ഫീല്‍ഡിങ്ങിന്റെ പേരില്‍ പഴി കേള്‍ക്കുകയാണ് പാക് താരം ഇമാദ് വസീം. ഇത്തവണ ക്യാച്ച് ഡ്രോപ്പോ മിസ് ഫീല്‍ഡോ ആയിരുന്നില്ല, മറിച്ച് ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കാതെ ഫോര്‍ ആകാന്‍ അനുവദിച്ചാണ് താരം ട്രോള്‍ മെറ്റീരിയലായിരിക്കുന്നത്.
റോയല്‍സ് ഇന്നിങ്‌സിലെ 14ാം ഓവര്‍ എറിയാനെത്തിയത് പാക് താരമായ മുഹമ്മദ് ആമിറായിരുന്നു. ആമിറിന്റെ ആദ്യ പന്തിനെ തേര്‍ഡ് മാനിലേക്ക് തഴുകിവിട്ട് ബൗണ്ടറി നേടാനായിരുന്നു സ്‌ട്രൈക്കിലുണ്ടായിരുന്ന ഡി കോക്കിന്റെ ശ്രമം.
എന്നാല്‍ ഡീപ്പ് ബാക്ക്‌വാര്‍ഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഇമാദ് വസീം ബൗണ്ടറിയാകുന്നതും നോക്കി ‘ആടിപ്പാടിക്കൊണ്ടാണ്’ പന്തിനടുത്തേക്ക് ഓടിവന്നത്. ബൗണ്ടറി തടയണമെന്നോ റണ്‍സ് സേവ് ചെയ്യണമെന്നോ ഉള്ള ഒരു ഉദ്ധേശവുമില്ലാത്തതുപോലെയാണ് വസീം ഫീല്‍ഡ് ചെയ്തത്.
ഡി കോക്ക് ബൗണ്ടറി സ്‌കോര്‍ ചെയ്തതിന് പിന്നാലെ ആമിര്‍ വസീമിനെ നോക്കി ആക്രോശിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ താരത്തെ ഫീല്‍ഡിങ് പൊസിഷനില്‍ നിന്ന് മാറ്റുകയും ചെയ്തു.
അതേസമയം, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമേറ്റുവാങ്ങിയാണ് വസീമിന്റെ ടീം ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് പോയിന്റ് പട്ടികയില്‍ തലകുമ്പിട്ടുനില്‍ക്കുന്നത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ബാര്‍ബഡോസ് റോയല്‍സ് ഫാല്‍ക്കണ്‍സിനെ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഫാല്‍ക്കണ്‍സ് ഒമ്പത് വിക്കറ്റിന് 145 റണ്‍സ് നേടി. ടീമന്റെ ടോപ് ഓര്‍ഡര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ ജുവല്‍ ആന്‍ഡ്രൂവിന്റെ ചെറുത്തുനില്‍പ് ടീമിന് തുണയായി. 35 പന്ത് നേരിട്ട് രണ്ട് സിക്സറും മൂന്ന് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് താരം നേടിയത്.
146 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ റോയല്‍സിനെ ഓപ്പണര്‍മാര്‍ ഡ്രൈവിങ് സീറ്റിലിരുത്തി. ആദ്യ വിക്കറ്റില്‍ 80 റണ്‍സാണ് ക്വിന്റണ്‍ ഡി കോക്കും റകീം കോണ്‍വാളും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഏഴാം ഓവറിലെ മൂന്നാം പന്തില്‍ കോണ്‍വാളിനെ ഇമാദ് വസീം മടക്കി. 20 പന്തില്‍ 30 റണ്‍സ് നേടി നില്‍ക്കവെയാണ് കോണ്‍വാള്‍ പുറത്തായത്.
കോണ്‍വാള്‍ പുറത്തായെങ്കിലും ഡി കോക്ക് അടി നിര്‍ത്തിയില്ല. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പന്തുകള്‍ അതിര്‍ത്തിവര തൊട്ടപ്പോള്‍ റോയല്‍സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.
ഒടുവില്‍ 27 പന്തും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ റോയല്‍സ് വിജയിച്ചുകയറി.
45 പന്തില്‍ പുറത്താകാതെ 87 റണ്‍സാണ് ഡി കോക്ക് നേടിയത്. അഞ്ച് സിക്സറും ഒമ്പത് ഫോറും അടക്കം 193.33 സ്ട്രൈക്ക് റേറ്റിലായിരുന്നു ഡി കോക്കിന്റെ വെടിക്കെട്ട്.
Content highlight: Fans slams Imad Wasim for poor fielding