ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ധ്രുവ് ജുറെലിന്റെ സിംഗിള്‍ നിഷേധിച്ച ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. 18ാം ഓവറിലെ അവസാന പന്തില്‍ സിംഗിളിന് ശ്രമിച്ച ധ്രുവ് ജുറെലിനെ അതിന് അനുവദിക്കാതെ മടക്കി അയയ്ക്കുകയും തൊട്ടടുത്ത പന്തില്‍ തന്നെ പുറത്താവുകയും ചെയ്തതിന് പിന്നാലെയാണ് ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.
ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ 18ാം ഓവറിലെ അവസാന പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് ഫ്‌ളിക് ചെയ്ത് ജുറെല്‍ സിംഗിള്‍ നേടാനൊരുങ്ങി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ഹര്‍ദിക് പാണ്ഡ്യയും സിംഗിള്‍ ഇനിഷ്യേറ്റ് ചെയ്‌തെങ്കിലും പിച്ചിന്റെ പകുതിയോളം ഓടിയ ജുറെലിനോട് തിരികെ ക്രീസിലേക്ക് കയറാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ജെയ്മി ഓവര്‍ട്ടണ്‍ എറിഞ്ഞ ഓവറില്‍ സ്‌ട്രൈക്കിലെത്തിയ ആദ്യ പന്തില്‍ തന്നെ ഹര്‍ദിക് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഓവര്‍ട്ടണെതിരെ ഷോട്ട് കളിക്കാന്‍ ശ്രമിച്ച പാണ്ഡ്യയ്ക്ക് പിഴയ്ക്കുകയും ലോങ് ഓഫില്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കി പുറത്താവുകയുമായിരുന്നു.
ഇതിന് വേണ്ടിയാണോ സ്‌ട്രൈക്ക് കൈമാറാതിരുന്നത് എന്നും സിംഗിള്‍ നിഷേധിച്ച ശേഷം എന്തുണ്ടായി എന്നും ആരാധകര്‍ ചോദിക്കുന്നു.
മത്സരത്തില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ചതും ഹര്‍ദിക് തന്നെയായിരുന്നു എന്നതും വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പാര്‍ത്ഥിവ് പട്ടേലും മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും പാണ്ഡ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചെപ്പോക്കില്‍ ഇന്ത്യയുടെ രക്ഷകനായ തിലക് പുറത്തായതിന് ശേഷം ഹര്‍ദിക് അടക്കമുള്ളവര്‍ക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ബൗണ്ടറികള്‍ കണ്ടെത്താനോ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും വിമര്‍ശനം.
അതേസമയം, മൂന്ന് മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പരമ്പര സജീവമാക്കി നിര്‍ത്തിയിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ ടീമിന് നഷ്ടമായി. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
വണ്‍ ഡൗണായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ ഒപ്പം കൂട്ടി ബെന്‍ ഡക്കറ്റ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പതിയെയെങ്കിലും ഇംഗ്ലണ്ടിന്റെ ടോട്ടലിലേക്ക് റണ്‍സുകള്‍ വന്നുകൊണ്ടിരുന്നു.
ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തിയ 74 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. ജോസ് ബട്‌ലറിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് താരം മടക്കി.
മികച്ച ക്യാച്ച് കൈപ്പിടിയിലൊതുക്കിയ സഞ്ജു ഡി.ആര്‍.എസിലൂടെ ബട്ലറിന്റെ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. 22 പന്തില്‍ 24 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് നായകന്‍ മടങ്ങിയത്.
അധികം വൈകാതെ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. 28 പന്തില്‍ 51 റണ്‍സാണ് ഡക്കറ്റ് നേടിയത്.
പിന്നാലെയെത്തിയവരില്‍ ലിയാം ലിവിങ്സ്റ്റണ്‍ ഒഴികെ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കാണാന്‍ സാധിച്ചില്ല. 24 പന്ത് നേരിട്ട ലിവിങ്സ്റ്റണ്‍ 43 റണ്‍സ് നേടിയാണ് പുറത്തായത്. അഞ്ച് സിക്സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 171ലെത്തി.
അഞ്ച് വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫൈഫര്‍ നേടിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേലും രവി ബിഷ്ണോയിയും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം സ്വന്തമാക്കിയാണ് സഞ്ജു തിരിച്ചുനടന്നത്. ജോഫ്രാ ആര്‍ച്ചറിനാണ് വിക്കറ്റ്.
വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സും അഭിഷേക് ശര്‍മ 24 റണ്‍സിനും പുറത്തായി.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായ തിലക് വര്‍മയ്ക്കും രാജ്കോട്ടില്‍ തിളങ്ങാനായില്ല. 14 പന്ത് നേരിട്ട താരം 18 റണ്‍സിന് പുറത്തായി. പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഒടുവില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 145 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
ഇംഗ്ലണ്ടിനായി ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. ജോഫ്രാ ആര്‍ച്ചറും ബ്രൈഡന്‍ കാര്‍സും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആദില്‍ റഷീദും മാര്‍ക് വുഡും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: Fans slams Hardik Pandya for denying singles while chasing