| Friday, 19th July 2024, 12:23 pm

'ധോണിയെ ഇഷ്ടപ്പെടുന്നവരെ ഗംഭീറിന് ഇഷ്ടമല്ല'; സ്‌ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ടി-20 പരമ്പരയാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സൂര്യകുമാര്‍ യാദവാണ് ടി-20യില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന ടീമിന്റെ നായകന്‍. ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ തിളങ്ങിയ അഭിഷേക് ശര്‍മക്ക് ടി-20 സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയതും വെറും ഒറ്റ ഏകദിനം കളിച്ച ശിവം ദുബെയും ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത റിയാന്‍ പരാഗും ഏകദിന സ്‌ക്വാഡിന്റെ ഭാഗമായതുമെല്ലാമാണ് സ്‌ക്വാഡിലെ വിശേഷങ്ങള്‍.

സൂപ്പര്‍ താരം സഞ്ജു സാംസണും സ്‌ക്വാഡിന്റെ ഭാഗമല്ല. ഏകദിനത്തില്‍ 56 ശരാശരിയും 99.60 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ പുറത്തിരുത്തിയാണ് ബി.സി.സി.ഐ ഇത്തവണയും ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ ഞെട്ടിച്ച മറ്റൊരു കാര്യം. ഇക്കഴിഞ്ഞ ലോകകപ്പോടെ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ജഡേജ ഏകദിന പര്യടനത്തില്‍ ടീമിനൊപ്പമുണ്ടാകുമെന്നാണ് ആരാധകര്‍ കരുതിയത്. ജഡേജക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സ്‌ക്വാഡിന്റെ ഏകദിന സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതും ഇതിനൊപ്പം ചേര്‍ത്തുവെക്കണം.

കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് ജഡേജ അവസാനമായി 50 ഓവര്‍ പോര്‍മാറ്റില്‍ കളത്തിലിറങ്ങിയത്. മികച്ച പ്രകടനമായിരുന്നു ജഡ്ഡു ലോകകപ്പില്‍ പുറത്തെടുത്തത്. 11 മത്സരത്തില്‍ നിന്നും ഒരു ഫൈഫര്‍ അടക്കം 16 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഇത്രയും മികച്ച പ്രകടനം നടത്തിയ ഒരു താരത്തെ പുറത്തിരുത്തിയെ ഗംഭീറിന്‍രെ നടപടിയെ എങ്ങനെ ന്യായീകരിക്കാനാകുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പുതിയ കോച്ചിന്റെ ഈ നടപടിയില്‍ ആരാധകര്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നുണ്ട്. ജഡേജയുടെ ഏകദിന കരിയര്‍ ഇതോടെ അവസാനിക്കുകയാണോ എന്നും ജഡേജയെ പുറത്താക്കിയതിനെ കുറിച്ച് എന്തുകൊണ്ടാണ് ആളുകള്‍ സംസാരിക്കാത്തത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ധോണിയെ ഇഷ്ടപ്പെടുന്ന താരങ്ങളെ ഗംഭീറിന് ഇഷ്മല്ലെന്നും ജഡേജയും ഗെയ്ക്വാദും ഉദാഹരണങ്ങളാണെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, ജൂലൈ 27നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ പരമ്പര നടക്കുന്നത്. പല്ലേക്കലെയാണ് വേദി.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ടി-20 പരമ്പര

ആദ്യ മത്സരം: ജൂലൈ 27, ശനി – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

രണ്ടാം മത്സരം: ജൂലൈ 28, ഞായര്‍ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

അവസാന മത്സരം: ജൂലൈ 30, ചൊവ്വ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

Content highlight: Fans slams Gautam Gambhir for not including Ravindra Jadeja in ODI squad

We use cookies to give you the best possible experience. Learn more