കഴിഞ്ഞ ദിവസമായിരുന്നു ലാ ലീഗയില്‍ ബാഴ്‌സലോണ സെവിയയെ പരാജയപ്പെടുത്തിയത്. സെവിയയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.
സൂപ്പര്‍ താരങ്ങളായ ലെവന്‍ഡോസ്‌കി, റാഫീന്യ, എറിക് ഗാര്‍സിയ എന്നിവരായിരുന്നു കറ്റാലന്‍മാര്‍ക്ക് വേണ്ടി വലകുലുക്കിയത്. ഇതോടെ, നാല് മത്സരത്തിന് ശേഷം മൂന്ന് ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ബാഴ്‌സ.
കഴിഞ്ഞ മത്സരത്തില്‍ 3-0ന് ജയിച്ചെങ്കിലും ബാഴ്‌സ വിങ്ങര്‍ ഫെറാന്‍ ടോറസിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഒട്ടും തൃപ്തനല്ല. സബ്സ്റ്റ്യൂട്ടായി കളത്തിലിറങ്ങിയ ടോറസിന് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല.
മത്സരത്തിന്റെ 63ാം മിനിട്ടിലായിരുന്നു സാവി ടോറസിനെ കളത്തിലേക്കിറക്കി വിട്ടത്. ഓസ്മാനെ ഡെംബാലെക്ക് പകരക്കാരനായിട്ടായിരുന്നു ടോറസ് കളത്തിലെത്തിയത്. എന്നാല്‍ താരത്തിന് കാര്യമായൊന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഈ ജനുവരിയിലാണ് ടോറസ് കറ്റാലന്‍മാരുടെ പടക്കളത്തിലെത്തിയത്. 55 മില്യണ്‍ യോറോക്കായിരുന്നു ബാഴ്‌സ ടോറസിനെ ടീമിലെത്തിച്ചത്. ടീമിന് വേണ്ടി 29 മത്സരത്തില്‍ ബൂട്ടണിഞ്ഞ ടോറസ് ഏഴ് ഗോളും ആറ് അസിസ്റ്റുമാണ് സ്വന്തമാക്കിയത്.
സ്‌പെയ്‌നിന് വേണ്ടി 28 മത്സരത്തില്‍ കളിച്ച ടോറസ് 13 ഗോള്‍ നാഷണല്‍ ടീമിന് വേണ്ടി നേടിയിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകര്‍ താരത്തിന്റെ പ്രകടനത്തില്‍ ഒട്ടും തന്നെ തൃപ്തരല്ല. കൊടുത്ത കാശ് പോയാലും വേണ്ടില്ല, ടോറസിനെ മാഞ്ചസ്റ്ററിലേക്ക് തിരിച്ചയക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
വിമര്‍ശിക്കും തോറും അവന്റെ പ്രകടനം മോശമാവുകയാണെന്നും ടോറസ് വെറും പാര്‍ട് ടൈം ഫുട്‌ബോളര്‍ മാത്രമാണെന്നും തുടങ്ങി വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് ടോറസിന് ഏല്‍ക്കേണ്ടി വരുന്നത്.
അതേസമയം, ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ഡെഡ്‌ലൈന്‍ ദിവസത്തില്‍ തന്നെ ബാഴ്‌സ ഒരു താരത്തെ കൂടി ടീമിലെത്തിച്ചിരുന്നു. ആഴ്‌സണല്‍ താരം ഹെക്ടര്‍ ബെല്ലറിനിനെയാണ് മാനേജ്മന്റ് ടീമിലെത്തിച്ചിരിക്കുന്നത്.