'ക്ലബ്ബ് ടീമില്‍ പോലും സ്ഥാനമില്ലാത്തവനെ പിടിച്ച് ദേശീയ ടീമില്‍ കളിപ്പിച്ച ഒരു പുഴുങ്ങിയ കോച്ച്' ആരാധകര്‍ വീണ്ടും തനിനിറം കാണിച്ചു; സ്വന്തം ടീമിനെ വലിച്ചുകീറി ഇംഗ്ലണ്ട് ആരാധകര്‍
Football
'ക്ലബ്ബ് ടീമില്‍ പോലും സ്ഥാനമില്ലാത്തവനെ പിടിച്ച് ദേശീയ ടീമില്‍ കളിപ്പിച്ച ഒരു പുഴുങ്ങിയ കോച്ച്' ആരാധകര്‍ വീണ്ടും തനിനിറം കാണിച്ചു; സ്വന്തം ടീമിനെ വലിച്ചുകീറി ഇംഗ്ലണ്ട് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th September 2022, 3:38 pm

കഴിഞ്ഞ ദിവസം നേഷന്‍സ് ലീഗില്‍ ഇറ്റലിക്കെതിരെ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെയും മാനേജര്‍ ഗാരത് സൗത്ത്‌ഗേറ്റിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ആരാധകര്‍. സെപ്റ്റംബര്‍ 23, ശനിയാഴ്ച നടന്ന മത്സരത്തിലായിരുന്നു ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ട് തോല്‍വിയേറ്റുവാങ്ങിയത്.

ഷോട്‌സ്, ഷോട്‌സ് ഓണ്‍ ടാര്‍ഗെറ്റ്, ബോള്‍ പൊസെഷന്‍, പാസ്സസ്, പാസ്സിങ് ആക്യുറസി തുടങ്ങി കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം ഇംഗ്ലണ്ടിനായിരുന്നു. എങ്കിലും ഗോളടിക്കാന്‍ മറന്നതോടെ ത്രീ ലയണ്‍സ് അസൂറികള്‍ക്ക് മുമ്പില്‍ വീണു.

മുന്നേറ്റ നിരയില്‍ ഹാരി കെയ്‌നിനും റഹീം സ്‌റ്റെര്‍ലിങ്ങിനും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ലോകകപ്പ് അടുത്തുവരവെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തില്‍ ആശങ്കകള്‍ ഏറെയാണ്.

ജിയകാമോ റാസ്പഡോറിയായിരുന്നു ഇറ്റലിക്കായി വിജയഗോള്‍ നേടിയത്. കളിയുടെ 68ാം മിനിട്ടിലായിരുന്നു ഇറ്റലി മത്സരത്തിലെ ഏകഗോള്‍ കണ്ടെത്തിയത്.

ബുക്കായോ സാക്കയെ ലെഫ്റ്റ് ബാക്ക് ഇറക്കി 3-4-3 ഫോര്‍മേഷനില്‍ പുതിയ പരീക്ഷണം നടത്താനായിരുന്നു സൗത്ത്‌ഗേറ്റിന്റെ തീരുമാനം. എന്നാല്‍ ഒരു ഗോള്‍ വഴങ്ങിയതോടെ തന്ത്രം മാറ്റി ജാക്ക് ഗ്രിലിഷിനെയും ലൂക് ഷായെയും സബ്സ്റ്റ്യൂഷനായി ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.

ഈതോടെ ലീഗ് എ ഗ്രൂപ്പ് ത്രീയില്‍ ഇംഗ്ലണ്ട് അവസാന സ്ഥാനത്തേക്ക് വീണു. കളിച്ച അഞ്ച് കളിയില്‍ ഒരെണ്ണം പോലും ജയിക്കാന്‍ ഇതുവരെ ത്രീ ലയണ്‍സിനായിട്ടില്ല. രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് ഇംഗ്ലണ്ടിന്റെ പേരിലുള്ളത്.

ഹംഗറിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ടാമതായി ഇറ്റലിയും മൂന്നാമതായി ജര്‍മനിയും ഗ്രൂപ്പില്‍ സ്ഥാനം പിടിക്കുന്നു.

ഇതോടെയാണ് ആരാധകര്‍ ഇംഗ്ലണ്ട് ടീമിനെയും കോച്ചിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്.

ക്ലബ്ബ് ടീമില്‍ വരെ കളിക്കാത്തവനെ പിടിച്ച് ദേശീയ ടീമിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറക്കിയെന്നും സൗത്ത്‌ഗേറ്റ് വെറും കോമാളിയാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

സൗത്ത്‌ഗേറ്റിനെ കോച്ചിന്റെ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ 27നാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ജര്‍മനിയാണ് എതിരാളികള്‍.

 

Content Highlight: Fans slams England team and Manager Gareth Southgate