'നിങ്ങളുടെ ഓരോ ലൈക്കും ഇങ്ങേര്‍ക്കുള്ള അടിയാണ്'; കട്ടക്കലിപ്പില്‍ ആരാധകര്‍
IPL
'നിങ്ങളുടെ ഓരോ ലൈക്കും ഇങ്ങേര്‍ക്കുള്ള അടിയാണ്'; കട്ടക്കലിപ്പില്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd May 2023, 3:08 pm

ഐ.പി.എല്‍ 2023ലെ 70ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. വളരെ ചെറിയ മാര്‍ജിനിലാണെങ്കിലും പ്ലേ ഓഫിലെത്താന്‍ ആര്‍.സി.ബിക്ക് വിജയം മാത്രം മതിയായിരുന്നു. എന്നാല്‍ റെയ്‌നിങ് ചാമ്പ്യന്‍മാരുടെ കരുത്തില്‍ ആറ് വിക്കറ്റിന് ആര്‍.സി.ബി പരാജയം സമ്മതിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ആര്‍.സി.ബി മികച്ച സ്‌കോറിലേക്കുയര്‍ന്നിരുന്നു. 61 പന്തില്‍ നിന്നും പുറത്താകാതെ 101 റണ്‍സാണ് വിരാട് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിരാട് സെഞ്ച്വറിയടിക്കുന്നത്.

വിരാടിന്റെ സെഞ്ച്വറിക്ക് പിന്നാലെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് ആര്‍.സി.ബി നേടിയത്. ബെംഗളൂരു നിരയില്‍ പല ബാറ്റര്‍മാരും പരാജയപ്പെട്ടിരുന്നു. എന്നാല്‍ റണ്ണെടുക്കാന്‍ പാടുപെട്ട് പൂജ്യത്തിന് പുറത്തായ ദിനേഷ് കാര്‍ത്തിക്കാണ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയത്.

ഐ.പി.എല്ലില്‍ താരത്തിന്റെ 17ാം ഡക്കാണിത്. ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഡക്കാകുന്ന താരം എന്ന മോശം റെക്കോഡും കാര്‍ത്തിക്കിനെ തേടിയെത്തിയിരുന്നു.

 

ടീമിന്റെ പരാജയത്തോടൊപ്പം ഈ സീസണില്‍ ഏറെ പ്രതീക്ഷവെച്ച കാര്‍ത്തിക്കും സമ്പൂര്‍ണ പരാജയമായതോടെ ആരാധകരും പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തിക്കിനെതിരെയുള്ള വിമര്‍ശനങ്ങളും ഉയരുകയാണ്.

ദിനേഷ് കാര്‍ത്തിക്കിനെ നിലനിര്‍ത്തിയതാണ് ആര്‍.സി.ബി ഈ 16 വര്‍ഷത്തില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നും ഏറ്റവും മോശം പ്രകടമാണ് താരം നടത്തിയതെന്നും ആരാധകര്‍ പറയുന്നു. ദിനേഷ് കാര്‍ത്തിക്കിന്റെ ചിത്രം പങ്കുവെച്ച ഒരു ട്വിറ്റര്‍ യൂസര്‍ ഈ ചിത്രത്തിന് ലഭിക്കുന്ന ഓരോ ലൈക്കും താരത്തിന്റെ മുഖത്തുള്ള അടിയാണെന്നാണ് കുറിച്ചത്.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ആര്‍.സി.ബി പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. മെയ് 24നാണ് മുംബൈയുടെ അടുത്ത മത്സരം. ചെപ്പോക്കില്‍ വെച്ച് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍

 

 

 

Content Highlight: Fans slams Dinesh Karthik