ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സ്വന്തം തട്ടകത്തില്‍ വെച്ച് തോല്‍പിച്ച് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. എകാന സ്‌പോര്‍ട്‌സ് സിറ്റിയിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് അഞ്ച് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.
ടീം വിജയിച്ചതിലും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയതിലും ആരാധകര്‍ ഹാപ്പിയാണെങ്കിലും അവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യവും ടീമിനൊപ്പമുണ്ട്. മോശം ഫോമില്‍ തുടരുന്ന സൂപ്പര്‍ താരം ദീപ് ഹൂഡയാണ് ഒരേസമയം ആരാധകര്‍ക്കും ടീമിനും തലവേദനയാകുന്നത്.
ഏത് പൊസിഷനില്‍ കളിപ്പിച്ചാലും തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്ന് തെളിയിച്ചുകൊണ്ടാണ് ഹൂഡ ടീമിന് ഭാരമാകുന്നത്. കൈല്‍ മയേഴ്‌സിന്റെ അഭാവത്തില്‍ താരത്തെ ഡി കോക്കിനൊപ്പം ഓപ്പണറായി വരെ പരീക്ഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
അനാവശ്യ ഷോട്ട് കളിച്ചായിരുന്നു ഹൂഡ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഏഴ് പന്ത് കളിച്ച് അഞ്ച് റണ്‍സ് മാത്രം നേടിയാണ് ഹൂഡ കഴിഞ്ഞ ദിവസം കളം വിട്ടത്.
സീസണില്‍ 11 മത്സരം കളിച്ച് വെറും 69 റണ്‍സാണ് താരം ഇതുവരെ നേടിയത്. 89.61 എന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്ന താരത്തിന്റെ ശരാശരിയാകട്ടെ വെറും 6.90. കളിച്ച 11 മത്സരത്തില്‍ നിന്നും ആകെ മൂന്ന് ഫോറും ഒരു സിക്‌സറും മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
കഴിഞ്ഞ മത്സരത്തിലും മോശം പ്രകടനം പുറത്തെടുത്തതോടെ ആരാധകരൊന്നാകെ ദീപക് ഹൂഡയെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ഒരു കാലത്ത് വിരാട് കോഹ്‌ലിക്ക് പകരം ഹൂഡയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന പ്രസ്താവനയടക്കം വെച്ചുകൊണ്ടാണ് ആരാധകര്‍ ഹൂഡയെ ട്രോളുന്നത്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ മറികടന്നുകൊണ്ട് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ലഖ്‌നൗവിന് സാധിച്ചു. നിലവിലെ സാഹചര്യത്തില്‍ ലഖ്‌നൗവിന് പ്ലേ ഓഫ് കളിക്കാന്‍ 90 ശതമാനത്തിലധികം സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ലഖ്‌നൗവിന്റെ അവസാന ലീഗ് ഘട്ട മത്സരം. മെയ് 20ന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
Content Highlight: Fans slams Deepak Hooda