| Thursday, 29th August 2024, 4:32 pm

പെലെ മൂന്ന് ലോകകപ്പ് നേടിയതിന്റെ വീഡിയോകളും ഉണ്ട്, മനസിലായോ; റൊണാള്‍ഡോക്കെതിരെ വിമര്‍ശനങ്ങളുടെ കൊടുങ്കാറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

താന്‍ നേടിയ ഗോളുകളുടെയെല്ലാം വീഡിയോ ലഭ്യമാണെന്നുള്ള ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വാക്കുകള്‍ക്ക് പിന്നാലെ വിമര്‍ശനം കടുപ്പിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒരുമിച്ച് പന്തുതട്ടിയ റിയോ ഫെര്‍ഡിനന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് റൊണാള്‍ഡോ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കെതിരെ ഒളിയമ്പ് തൊടുത്തുവിട്ടത്.

വരും മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോള്‍ എന്ന ചരിത്ര നേട്ടത്തിലെത്താന്‍ റൊണാള്‍ഡോക്ക് സാധിക്കും. എന്നാല്‍ 900 ഗോളുകളല്ല, മറിച്ച് 1000 ഗോളുകള്‍ നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും റോണോ പറഞ്ഞു.

‘വൈകാതെ തന്നെ ഞാന്‍ 900 ഗോളുകള്‍ നേടും. അതിന് ശേഷം ഗോള്‍ നേട്ടം ആയിരം പൂര്‍ത്തിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം. എനിക്ക് 1,000 ഗോളുകള്‍ നേടണം. പരിക്കുകള്‍ അലട്ടിയില്ലെങ്കില്‍ ഇതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലുത്. എനിക്ക് അത് നേടണം.

എന്റെ ഫുട്‌ബോള്‍ കരിയറില്‍ ഞാന്‍ നേടുന്ന ഏറ്റവും വലിയ നാഴികകല്ലായിരിക്കും അത്. എന്നാല്‍ ഒരു വ്യത്യാസം മാത്രം, ഞാന്‍ നേടിയ ഗോളുകളുടെയെല്ലാം വീഡിയോകള്‍ ലഭ്യമാണ്, അതുകൊണ്ടുതന്നെ ഇത് തെളിയിക്കാന്‍ സാധിക്കും,’ റൊണാള്‍ഡോ പറഞ്ഞു.

താരത്തിന്റെ പ്രസ്താവനയുടെ അവസാന ഭാഗത്ത് വന്ന ‘ഇതിനെല്ലാം വീഡിയോകള്‍ ലഭ്യമാണെന്ന’ പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്.

ബ്രസീല്‍ ഇതിഹാസം പെലെ തന്റെ കരിയറില്‍ 1,279 ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും സൗഹൃദ മത്സരങ്ങളോ അനൗദ്യോഗിക മത്സരങ്ങളോ ആയിരുന്നു.

റൊണാള്‍ഡോയുടെ ‘വിഡിയോ’ പരാമര്‍ശത്തിന് പിന്നാലെ ഫെര്‍ഡിനന്റ് ‘നിങ്ങള്‍ പെലെ, സ്റ്റെഫാനോ എന്നിവരെ കുറിച്ചാണോ സംസാരിക്കുന്നത്’ എന്ന് ചോദിച്ചിരുന്നു.

എന്നാല്‍ ഇതിന് മറുപടിയായി ‘ഞാന്‍ ഇവരെ ബഹുമാനിക്കുന്നു, എന്നാല്‍ എന്റെ ഗോളുകളെല്ലാം തന്നെ ‘ഗോളുകള്‍’ തന്നെയാണ്. നിങ്ങള്‍ക്ക് ഇനിയും ആവശ്യമെങ്കില്‍ ട്രെയ്‌നിങ് സമയത്തെ വീഡിയോയും കൊണ്ടുവരാം,’ എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

റൊണാള്‍ഡോയുടെ വാക്കുകള്‍ കേട്ട് ഫെര്‍ഡിനന്റ് ചിരിച്ചെങ്കിലും അത് ചിരിച്ചുതള്ളാനോ പൊറുത്തുകൊടുക്കാനോ ഫുട്‌ബോള്‍ ആരാധകര്‍ തയ്യാറായിരുന്നില്ല. റൊണാള്‍ഡോയുടെ ഈ താരതമ്യം അനുചിതമാണെന്നും പെലെയുടെ നേട്ടങ്ങള്‍ സമാനതയില്ലാത്തതാണെന്നും ആരാധകര്‍ പറഞ്ഞു.

ഇതിന് പുറമെ പെലെ ലോകകപ്പ് നേടുന്നതിന്റെയും മില്ലേനിയം ഗോളിന്റെയും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ 899 ഗോളിലെത്തിയത്. ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലുമായാണ് റോണോ ഈ ഗോളുകള്‍ സ്വന്തമാക്കിയത്.

ഇതില്‍ പകുതിയിലധികം ഗോളുകളും റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റോണോ നേടിയത്. 450 തവണയാണ് റോണോ ലോസ് ബ്ലാങ്കോസിനായി വല കുലുക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടിയ രണ്ട് തവണയുമായി 145 തവണയാണ് താരം എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

പോര്‍ച്ചുഗലിനായി 130 ഗോള്‍ നേടിയ താരം ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനായും ഗോളടിയില്‍ സെഞ്ച്വറി പൂര്‍ത്തിയിക്കിയിട്ടുണ്ട്.

ലാലീഗയില്‍ 311 ഗോളും പ്രീമിയര്‍ ലീഗില്‍ 103 ഗോളും സീരി എ-യില്‍ 81 ഗോളുമാണ് റോണോയുടെ പേരിലുള്ളത്. ചാമ്പ്യന്‍സ് ലീഗിലെ 183 മത്സരത്തില്‍ നിന്നും 140 ഗോള്‍ നേടിയ താരം കോപ്പ ഡെല്‍ റേയില്‍ 22 ഗോളും എഫ്.എ കപ്പില്‍ 13 ഗോളും അടിച്ചുകൂട്ടിയിട്ടുണ്ട്.

Content Highlight: Fans slams Cristiano Ronaldo after he takes a dig at Pele

Latest Stories

We use cookies to give you the best possible experience. Learn more