'മെസിയൊന്നും ഒരിക്കല്‍ പോലും അത് ചെയ്യില്ല' 'മനുഷ്യനാവെടാ ആദ്യം, എന്നിട്ടുണ്ടാക്ക് പേരും പെരുമയും'; റൊണാള്‍ഡോക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍
Football
'മെസിയൊന്നും ഒരിക്കല്‍ പോലും അത് ചെയ്യില്ല' 'മനുഷ്യനാവെടാ ആദ്യം, എന്നിട്ടുണ്ടാക്ക് പേരും പെരുമയും'; റൊണാള്‍ഡോക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th October 2022, 9:21 am

കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാം ഹോട്‌സ്പറിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മാഞ്ചസ്റ്ററിന്റെ രണ്ട് ഗോളും പിറന്നത്.

കഴിഞ്ഞ മത്സരത്തിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളത്തിലിറങ്ങാന്‍ കോച്ച് എറിക് ടെന്‍ ഹാഗ് അനുവദിച്ചിരുന്നില്ല. ആന്റണിയും റാഷ്‌ഫോര്‍ഡും സാഞ്ചോയുമായിരുന്നു സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. മത്സരത്തിനിടെ സാഞ്ചോയെയും ആന്റണിയെയും വലിച്ചെങ്കിലും റൊണാള്‍ഡോയെ കളത്തിലിറക്കേണ്ട എന്നതായിരുന്നു ടെന്‍ ഹാഗിന്റെ തീരുമാനം.

മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ ജയിച്ചെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീര്‍ത്തും അണ്‍ പ്രൊഫഷണലായ പെരുമാറ്റത്തില്‍ ആരാധകര്‍ കട്ട കലിപ്പായിരിക്കുകയാണ്.

മത്സരത്തിന് മുമ്പ് തന്നെ ഗ്രൗണ്ട് വിട്ടുപോയ റൊണാള്‍ഡോയുടെ പെരുമാറ്റത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. ഫുള്‍ ടൈം വിസിലിന് മുമ്പ് ടണലിലൂടെ ഗ്രൗണ്ടിന് പുറത്തുപോയ ക്രിസ്റ്റ്യാനോയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

താരത്തിന്റെ പ്രവര്‍ത്തിയില്‍ ആരാധകര്‍ മാത്രമല്ല കോച്ച് എറിക് ടെന്‍ ഹാഗും തൃപ്തനല്ല. താരത്തിന്റെ ഈ പെരുമാറ്റത്തില്‍ അടുത്ത ദിവസം ഒരു തീരുമാനമുണ്ടാക്കുമെന്നും ഇന്ന് ഞങ്ങള്‍ വിജയം ആഘോഷിക്കുകയാണ് എന്നുമായിരുന്നു ടെന്‍ ഹാഗ് പറഞ്ഞത്.

എന്നാല്‍ ഒന്നും പിറ്റേ ദിവസത്തേക്ക് ബാക്കിവെക്കാന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല. താരത്തിന്റെ ഈ മോശം പ്രവര്‍ത്തിക്ക് പിന്നാലെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അഴിച്ചുവിടുകയാണ്.

ഗ്രൗണ്ടില്‍ കളിക്കുന്ന സഹതാരങ്ങളോടും എതിരാളികളോടും ബഹുമാനമില്ലാത്ത ഇവനെങ്ങനെയാണ് ലോകത്തിലെ മികച്ച താരമാവുക, മെസിയൊന്നും ഒരിക്കല്‍ പോലും ഇങ്ങനെയൊന്നും ചെയ്തിട്ടുണ്ടാവില്ല, തീര്‍ത്തും അണ്‍ പ്രൊഫഷണലായ രീതി തുടങ്ങിയ കമന്റുകളാണ് താരത്തിനെതിരെ ഉയരുന്നത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും മാഞ്ചസ്റ്ററിനായി. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു യുണൈറ്റഡ് രണ്ട് ഗോളും നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതി മുതല്‍ക്കുതന്നെ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ടോട്ടന്‍ഹാം ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ തകര്‍പ്പന്‍ പ്രകടനമൊന്നുകൊണ്ട് മാത്രമാണ് മാഞ്ചസ്റ്ററിന് ഗോള്‍ നേടാന്‍ സാധിക്കാതെ പോയത്.

എന്നാല്‍ രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടില്‍ ഫ്രെഡ് ടോട്ടന്‍ഹാമിനെ ഞെട്ടിച്ചു. 69ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും മാഞ്ചസ്റ്ററിന്റെ ലീഡ് ഉയര്‍ത്തി.

സീസണില്‍ ലില്ലി വൈറ്റ്‌സിന്റെ രണ്ടാം തോല്‍വിയാണിത്. മാഞ്ചസ്റ്ററിനോട് തോല്‍വി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ ടോട്ടന്‍ഹാമിന് സാധിച്ചു. 11 മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് വീതം തോല്‍വിയും സമനിലയുമായി 23 പോയിന്റാണ് ടോട്ടന്‍ഹാമിനുള്ളത്.

പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി അഞ്ചാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്. 19 പോയിന്റാണ് നിലവില്‍ മാഞ്ചസ്റ്ററിനുള്ളത്.

 

Content highlight: Fans slams Cristiano Ronaldo after he left the ground before match ends