| Tuesday, 21st June 2022, 8:30 am

ഇതൊന്നും ശരിയാക്കാന്‍ ബി.സി.സി.ഐയുടെ കയ്യില്‍ കാശില്ലേ? ചിന്നസ്വാമി സ്റ്റേഡിയത്തിലെ അവസ്ഥയെ കളിയാക്കി ഇന്ത്യന്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന മത്സരം മഴമൂലം റദ്ദാക്കിയിരുന്നു. അതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു.

ബെംഗളൂരുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. നാല് ഓവര്‍ പോലും തികച്ചു കളിക്കാതെയായിരുന്നു മത്സരം ഉപേക്ഷിച്ചത്. മികച്ച മത്സരം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അതിന്റെ കൂടെ സ്റ്റേഡിയത്തിലെ ചോര്‍ച്ച കൂടെ സഹിക്കേണ്ടി വന്നാലൊ?.

കളികാണാന്‍ വന്ന ഒരു ആരാധകനാണ് സ്‌റ്റേഡിയത്തിലെ റൂഫ് ചോരുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. കളി കാണാന്‍ സാധിക്കാത്തതിനേക്കാള്‍ നിരാശ സ്റ്റേഡിയത്തിലെ ചോര്‍ച്ചയാണെന്നാണ് അയാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐക്ക് സ്റ്റേഡിയത്തിലെ ചോര്‍ച്ച മാറ്റാന്‍ പണമില്ലേ?. ആരാധകരുടെ മത്സര അനുഭവത്തിന് ഒരുപാട് വിലയുണ്ട്. ക്രിക്കറ്റ് ഇന്ത്യയില്‍ ഇത്രയും വിജയം നേടിയതില്‍ ആരാധകരുടെ പങ്ക് ചെറുതല്ല.

ബി.സി.സി.ഐക്കൊപ്പം കര്‍ണാടക ക്രിക്കറ്റ് ബോര്‍ഡിനേയും ആരാധകന്‍ ചോദ്യം ചെയ്തു. നിങ്ങള്‍ എപ്പോഴാണ് ആരാധകരുടെ എക്‌സ്പീരിയന്‍സിന് വിലവെക്കാന്‍ തുടങ്ങുന്നതെന്നായിരുന്നു ആരാധകന്റെ ചോദ്യം.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മീഡിയ റൈറ്റ്‌സ് 48,340 കോടി രൂപയ്ക്ക് വില്‍ക്കുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നമായ ബോര്‍ഡ് ബി.സി.സി.ഐ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്‌സ് വിറ്റ് കിട്ടുന്ന പണം മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കാന്‍ ബോര്‍ഡ് നോക്കുകയാണെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്കും വലിയൊരു തുക അനുവദിക്കുമെന്നും ബി.സി.സി.ഐ തലവന്‍ സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു.

പുതിയ സ്റ്റേഡിയങ്ങളും, ആര്‍ഭാടത്തിനുമപ്പുറം ഇത്തരത്തിലുള്ള അടിസ്ഥാന പരമായ കാര്യങ്ങളിലാണ് ബി.സി.സി.ഐ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് ആരാധകരുടെ വാദം.

Content Highlights: Fans Slams Bcci for roof leak at chinnaswami stadium

We use cookies to give you the best possible experience. Learn more