'എന്നാണ് ഈ കോമാളികള്‍ ഈ പരിപാടി നിര്‍ത്തുക! ഇതൊക്കെ സഞ്ജു ഫേവറേറ്റാകുമ്പോള്‍ മാത്രമേയുള്ളൂ'
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. 17 അംഗങ്ങളടങ്ങിയ സ്‌ക്വാഡിനെയായിരുന്നു ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സംസാണെ അവഗണിച്ചുകൊണ്ടാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സഞ്ജുവിനെ ടീമിലെ 18ാമനായി ബാക്കപ്പ് താരമായാണ് സ്‌ക്വഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏകദിനത്തില്‍ കളിച്ച കുറച്ചു മത്സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം സഞ്ജു സാംസണ്‍ കാഴ്ചവെച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ 11 ഇന്നിങ്‌സില്‍ നിന്നും 56 ശരാശരിയില്‍ 339 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. 101 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും നിലനിര്‍ത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
താരത്തിനെ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ഒരുപാട് പൊട്ടിതെറികള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നടക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനെയും കെ.എല്‍. രാഹുലിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓപ്പണിങ് റോളിന് അപ്പുറത്തേക്ക് കളിപ്പിക്കാന്‍ സാധിക്കാത്ത കിഷനെ ലെഫ്റ്റ് ഹാന്‍ഡര്‍ എന്ന് ഒരേയൊരും പരിഗണനയിലാണ് അവസരം ലഭിച്ചത്.
കെ.എല്‍. രാഹുലാവട്ടെ പരിക്കിന് ശേഷം നേരിട്ട് ഏഷ്യാ കപ്പിലേക്കുള്ള എന്ട്രിയും. ഇന്ത്യന്‍ ടീമിന്റെ പക്ഷപാതം ഇവിടെ തന്നെ വ്യക്തമാണ്. ട്വന്റി-20യില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയമാണെന്ന് പലകുറി തെളിയിച്ചതാണ് എന്നാല്‍ വീണ്ടും സഞ്ജുവിനെ തഴഞ്ഞ് അദ്ദേഹത്തിന് അവസരം ലഭിക്കുകയാണ്. ഇതിനെതിരെയെല്ലാം ട്വിറ്ററില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കാണാം.
‘അവസാനമായി ഒരു താരത്തെ ബാക്കപ്പ് ആണെന്ന് പറഞ്ഞുകൊണ്ടുപോയ ധവാല്‍ കുല്‍കര്‍ണി 2015 ലോകകപ്പില്‍ ടീമിന്റെ ബാക്ക് റൂം സ്റ്റാഫായി മാറുകയായിരുന്നു. അതാണ് സഞ്ജുവിന്റെ ഇപ്പോഴത്തെ ഡ്യൂട്ടി! എത്ര നാള്‍ ഈ കോമാളികള്‍ അവനെ അവഗണിക്കും. ലെഫ്റ്റി, എക്‌സ്ട്രാ ബൗളര്‍, എക്‌സ് ഫാക്ടര്‍, സഞ്ജു മികച്ചു നില്‍ക്കുമ്പോള്‍ ഇങ്ങനത്തെ ന്യായങ്ങള്‍ തലപൊക്കും. ഇത്തവണ 56 ശരാശരയിലും 101 സ്‌ട്രൈക്ക് റേറ്റിലും! ഇതാണ് ഏറ്റവും മോശം,’ അമല്‍ സുധാകരന്‍ എന്ന ട്വിറ്റര്‍ ഹാനഡിലില്‍ ചെയ്ത ട്വീറ്റ്.
തിലകിനെ പോലെ സഞ്ജുവിന് ബാക്കപ്പ് കിട്ടുന്നില്ലെന്നും. ഇന്ന് തിലക് പയ്യനല്ലെ അവസരം നല്‍കണമെന്ന് പറയുന്നവര്‍ അന്ന് സഞ്ജുവിന്റെ കാര്യത്തില്‍ ഇത്ര കെയറിങ് ഒന്നും കാണിച്ചില്ലെന്നും കമന്റുകളുണ്ട്.
‘കഴിഞ്ഞ വര്‍ഷം ടി-20 ലോകകപ്പിന്റെ സമയത്ത് റിഷബ് പന്തിനെയും, ദിനേഷ് കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തികൊണ്ട് സഞ്ജുവിനെ തഴ ഞ്ഞു. അന്ന് അദ്ദേഹം ഏകദിന താരമാണെന്നായിരുന്നു വാദം. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് അടുക്കുമ്പോള്‍ ഏകദിനത്തില്‍ നിന്നും തഴയുന്നു,’ ഒരാള്‍ ട്വീറ്റ് ചെയ്തു.
എന്തായാലും സഞ്ജുവിനെ തഴഞ്ഞതില്‍ ആരാധകര്‍ കട്ട കലിപ്പിലാണെന്നുള്ളത് സത്യം. നിലവിലെ ഇന്ത്യന്‍ ഏകദിന ടീമില്‍ സഞ്ജു തീര്‍ച്ചയായും ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തെ പോലുള്ള ഫിയര്‍ലെസ് ആറ്റിറ്റിയൂഡുള്ള ബാറ്റര്‍മാര്‍ എല്ലാ ടീമിനും ഒരു അസറ്റാണ്!
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.
റിസര്‍വ് താരം: സഞ്ജു സാംസണ്‍
Content Highlight: Fans slams Bcci for ignoring Sanju Samson in Asia Cup squad