അവന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി ഞങ്ങള്‍ക്കറിവില്ല, ഇങ്ങനെ തഴയാന്‍ വേണ്ടി മാത്രം അവന്‍ എന്ത് തെറ്റാണ് ചെയ്തത്; IND vs SA ഏകദിന ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.സി.സി.ഐയെ കടന്നാക്രമിച്ച് ആരാധകര്‍
കഴിഞ്ഞ ദിവസമായിരുന്നു സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഏറെ വൈകിയാണ് ബി.സി.സി.ഐ പരമ്പരക്കുള്ള സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത്.
ശിഖര്‍ ധവാനെ ക്യാപ്റ്റനും ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനുമായി പ്രഖ്യാപിച്ചാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐ.പി.എല്ലില്‍ തിളങ്ങിയ രജത് പാടിദാറിനും മുകേഷ് കുമാറിനും ഇന്ത്യന്‍ ടീമിലേക്കുള്ള ആദ്യ വിളി കൂടിയാണ് ഈ ഏകദിന പരമ്പര.
ടി-20 ലോകകപ്പ് വരാനിരിക്കെ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ യുവതാരങ്ങളാണ് ഇന്ത്യയുടെ സ്‌ക്വാഡിലുള്ളത്.
പല താരങ്ങള്‍ക്കും അവസരം ലഭിച്ചപ്പോഴും യുവതാരം പൃഥ്വി ഷായെ സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞു. ഇന്ത്യ എ – ന്യൂസിലാന്‍ഡ് എ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷവും സെലക്ടര്‍മാര്‍ ഷാക്ക് നേരെ മുഖം തിരിക്കുകയായിരുന്നു.
അടുത്ത വിരേന്ദര്‍ സേവാഗ് എന്ന് ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന താരമായിരുന്നു പൃഥ്വി ഷാ. അത് കേവലം വിശേഷണം മാത്രമല്ലെന്ന് പലകുറി തെളിയിച്ച താരവുമാണ് ഷാ. എന്നിരുന്നാലും ബി.സി.സി.ഐ ഒരിക്കല്‍ക്കൂടി താരത്തെ പടിക്ക് പുറത്ത് നിര്‍ത്തുകയായിരുന്നു.
ഇതോടെ ഇന്ത്യന്‍ ആരാധകരൊന്നാകെ കലിപ്പായിരിക്കുകയാണ്. മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും പൃഥ്വി ഷായെ ടീമില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഒരു കാരണവും തങ്ങള്‍ കാണുന്നില്ലെന്നാണ് ആരാധക പക്ഷം.
തങ്ങളുടെ ദേഷ്യമൊന്നാതെ ആരാധകര്‍ പരസ്യമായി പ്രകടമാക്കുന്നുമുണ്ട്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ബി.സി.സി.ഐക്കെതിരെ ആഞ്ഞടിക്കുകയാണ്.
ബി.സി.സി.ഐ ഷായെ പോലെയുള്ള താരങ്ങളെ അവസരം നല്‍കാതെ നശിപ്പിക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്താന്‍ പ്ലാന്‍ ഇല്ലെങ്കില്‍ ഗ്ലോബല്‍ ടി-20 ലീഗുകളില്‍ കളിക്കാന്‍ വേണ്ടി താരത്തെ റിലീസ് ചെയ്യണമെന്നും ആരാധകര്‍ പറയുന്നുണ്ട്.
ഒക്ടോബര്‍ ആറിന് ലഖ്നൗവില്‍ വെച്ചാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം ഒക്ടോബര്‍ ഒമ്പതിന് റാഞ്ചിയിലും മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഒക്ടോബര്‍ 11ന് ദല്‍ഹിയിലും വെച്ച് നടക്കും.