| Thursday, 10th August 2023, 4:49 pm

'നിനക്കൊക്കെ നാണമുണ്ടോടോ, പണത്തെ കുറിച്ച് മാത്രമല്ലേ ചിന്ത'; ആരാധക രോഷത്തില്‍ നിന്ന് കത്തി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ മാര്‍ച്ചിലാണ് ബി.സി.സി.ഐ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കുന്നത്. ഉയര്‍ന്ന തുകയ്ക്ക് അഞ്ച് വര്‍ഷത്തേക്കാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഈ ടെലികാസ്റ്റിങ് റൈറ്റ്‌സ് സ്വന്തമാക്കിയത്.

നിലവില്‍ ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ക്കുള്ള സംപ്രേക്ഷണാവകാശം ബി.സി.സി.ഐ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. ഇതിനായി ബി.സി.സി.ഐ തുക കുറച്ച് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഒരു മത്സരത്തിന് 45 കോടി രൂപ എന്ന നിലയിക്കാണ് അപെക്‌സ് ബോര്‍ഡ് പുതിയ ടെന്‍ഡറിനെ സമീപിക്കാന്‍ ഒങ്ങുന്നത്.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ബി.സി.സി.ഐ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തുകയും ബ്രാഡ്കാസ്റ്റര്‍മാരെ കണ്ടെത്തുകയും ചെയ്യും.

അതേസമയം, ഇന്ത്യന്‍ വനിതാ ടീമിന്റെ മത്സരങ്ങള്‍ സ്ട്രീം ചെയ്യുന്നതിനാല്‍ പ്രത്യേകിച്ച് ഒരു തുകയും മുടക്കേണ്ടതില്ലെന്നും അത് പുരുഷ താരങ്ങളുടെ പാക്കേജില്‍ ഉള്‍പ്പെടുമെന്നും ബി.സി.സി.ഐ ബിഡ്ഡേഴ്‌സിനെ അറിയിച്ചതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുരുഷ താരങ്ങളുടെ മാച്ചിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കുന്നവര്‍ക്ക് ഫ്രീ എന്ന തോതിലാണ് വനിതാ ടീമിന്റെ ബ്രോഡ്കാസ്റ്റിങ് റൈറ്റ്‌സും ബി.സി.സി.ഐ നല്‍കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്‌സ് 951 കോടി രൂപക്ക് വിറ്റ അതേ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണമുണ്ടായതെന്നതും ശ്രദ്ധേയമാണ്. വനിതാ ക്രിക്കറ്റിനായി പ്രത്യേകം ടെന്‍ഡര്‍ ക്ഷണിക്കാതിരുന്ന ബി.സി.സി.ഐയുടെ തീരുമാനം ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.

ബി.സി.സി.ഐയുടെ ഈ തീരുമാനം നാണക്കേടാണെന്നും അപെക്‌സ് ബോര്‍ഡ് വിവേചനപരമായാണ് പെരുമാറുന്നതെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, സെപ്റ്റംബര്‍ 22 മുതല്‍ 27 വരെയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് കങ്കാരുക്കള്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുക.

Content highlight: Fans slams BCCI

We use cookies to give you the best possible experience. Learn more