ബാബറിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല, മറ്റ് രണ്ട് അവന്‍മാരുടെ കരിയറും തീര്‍ന്നു, വിരാട് ചെയ്തതെന്തോ അത് ചെയ്യാനുള്ള ചങ്കൂറ്റം ബാബറും കാണിക്കണം; ആഞ്ഞടിച്ച് ആരാധകര്‍
Sports News
ബാബറിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല, മറ്റ് രണ്ട് അവന്‍മാരുടെ കരിയറും തീര്‍ന്നു, വിരാട് ചെയ്തതെന്തോ അത് ചെയ്യാനുള്ള ചങ്കൂറ്റം ബാബറും കാണിക്കണം; ആഞ്ഞടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th October 2022, 5:19 pm

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെതിരെയും ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെയും രൂക്ഷവിമര്‍ശനവുമായി ആരാധകര്‍.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് നാല് വിക്കറ്റിന് പരാജയപ്പെട്ട പാകിസ്ഥാന്‍, രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയോട് ഒറ്റ റണ്‍സിനായിരുന്നു തോല്‍വിയേറ്റുവാങ്ങിയത്.

സിംബാബ്‌വേ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുള്‍പ്പെട്ട പാകിസ്ഥാന്റെ പേരുകേട്ട ബാറ്റിങ് നിരയ്ക്ക് സാധിച്ചില്ല. 129 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

6.5 റിക്വയേര്‍ഡ് റണ്‍ റേറ്റ് ആവശ്യമായിരുന്ന മത്സരമാണ് പാകിസ്ഥാന്‍ തുലച്ചുകളഞ്ഞത് എന്ന വസ്തുത ആരാധകര്‍ക്കുണ്ടാക്കിയ നിരാശ ചെറുതല്ല.

പാകിസ്ഥാന്റെ തോല്‍വിയേക്കാള്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ മോശം പ്രകടനമാണ് ആരാധകരെ ഏറെ ചൊടിപ്പിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരമായിട്ട് കൂടിയും ബാബറിന്റെ ക്ലാസ് കളിക്കളത്തില്‍ കാണുന്നില്ല.

ഇന്ത്യക്കെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ ബാബര്‍ അസം രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. 2022 ടി-20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ ആവറേജ് കേവലം രണ്ട് മാത്രമാണ്.

പാകിസ്ഥാന്റെയും ബാബറിന്റെയും മോശം പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിനെ വളഞ്ഞിട്ടാക്രമിക്കുകയാണ് ആരാധകര്‍. വിരാട് കോഹ്‌ലി ചെയ്തത് പോലെ ബാബറും ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കണമെന്നും ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആരാധകര്‍ പറയുന്നു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബര്‍ അസമിന്റെ കരിയര്‍ അവസാനിച്ചെന്നും ബാബറിന്റെ ക്യാപ്റ്റന്‍സിക്കൊപ്പം ഹൈദര്‍ അലി, ആസിഫ് അലി എന്നിവരുടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചെന്നും ആരാധകര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

 

ഒക്ടോബര്‍ 30ന് നെതര്‍ലന്‍ഡ്‌സിനെതിരായാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഗ്രൂപ്പ് രണ്ട് സ്റ്റാന്‍ഡിങ്‌സില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍.

Content Highlight: Fans slams Babar Azam and asks him to quit captaincy