| Friday, 11th November 2022, 8:54 pm

ടീം തോറ്റാലും ഒരാളുടെ വ്യക്തിഗത നേട്ടം ഇന്ത്യയല്ലാതെ മറ്റാരെങ്കിലും ആഘോഷിക്കുമോ എന്ന് ആകാശ് ചോപ്ര; 'ക്രിക്കറ്റ് അനലിസ്റ്റിന്റെ' പഴയ പ്രസ്താവനകള്‍ നിരത്തി പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര ഇപ്പോള്‍ എയറിലാണ്. തന്റെ പഴയ ട്വീറ്റുകളും പ്രസ്താവനകളുമാണ് അദ്ദേഹത്തെ ഇപ്പോള്‍ തിരിഞ്ഞുകൊത്തിയിരിക്കുന്നത്.

ടീം തോറ്റാലും ഏതെങ്കിലും താരത്തിന്റെ വ്യക്തിഗത നേട്ടങ്ങളെ ആഘോഷിക്കുന്നത് ഇന്ത്യയിലല്ലാതെ മറ്റെവിടെങ്കിലും കാണാന്‍ സാധിക്കുമോ എന്ന ചോപ്രയുടെ ചോദ്യത്തിന് പിന്നാലെയാണ് ആരാധകര്‍ ചോപ്രയെ എയറിലാക്കിയിരിക്കുന്നത്.

‘ഇന്ത്യയില്‍ നമ്മള്‍ ചെയ്യുന്നത് പോലെ മറ്റേതെങ്കിലും രാജ്യത്ത് വ്യക്തിഗത പ്രകടനങ്ങളെയോ / പ്രകടനം നടത്തിയ താരങ്ങളെയോ (ഒരു ടീം ഗെയിമില്‍) ആഘോഷിക്കുന്നുണ്ടോ? ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സുഹൃത്തുക്കള്‍ തങ്ങളുടെ അഭിപ്രായം പറയുക,’ എന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്.

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.

എന്നാല്‍ ഇതിന് മുമ്പ് ആകാശ് ചോപ്ര താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളെ പുകഴ്ത്തുന്ന പ്രസ്താവനകളെയും ട്വീറ്റുകളും ഉയര്‍ത്തിപ്പിടിച്ചാണ് ആരാധകര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

ഇത്തരത്തിലുള്ള പ്രസ്താവനകളും ട്വീറ്റുകളും നേരത്തെ പങ്കുവെച്ച ആകാശ് ചോപ്രയുടെ ഇരട്ടത്താപ്പ് വ്യക്തമായെന്നും, ആകാശ് ചോപ്ര എന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണോ ഇത്തരത്തില്‍ ഒരു ചോദ്യവുമായെത്തിയത് എന്നുമാണ് പ്രധാനമായും ആരാധകര്‍ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വിയായിരുന്നു നേരിടേണ്ടി വന്നിരുന്നത്. ടോസ് നേടിയ ഇംഗ്ലീഷ് ക്യപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയമായ മത്സരത്തില്‍ പവര്‍ പ്ലേയില്‍ ഇന്ത്യക്ക് കാര്യമായി സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിയും അഞ്ചാമന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് പൊരുതാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്തിന് മുമ്പില്‍ അതൊന്നും പോരാതെ വരികയായിരുന്നു.

പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം തങ്ങള്‍ക്കനുകൂലമാക്കിയിരുന്നു. ഒടുവില്‍ 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് വിജയം പിടിച്ചടക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 80 റണ്‍സും അലക്‌സ് ഹേല്‍സ് 86 റണ്‍സും സ്വന്തമാക്കി.

നവംബര്‍ 13നാണ് ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരം. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Content Highlight: Fans slams Akash Chopra

Latest Stories

We use cookies to give you the best possible experience. Learn more