| Saturday, 23rd July 2022, 11:01 pm

ആദ്യം പൂജാരയുടെ കളി കണ്ടുപഠിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്ത് എന്നിട്ടാവാം ബാക്കി; വീക്ക് എന്‍ഡ് ആഘോഷിക്കാന്‍ സിനിമ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞ രഹാനയ്ക്ക് ആരാധകരുടെ പൊങ്കാല

സ്പോര്‍ട്സ് ഡെസ്‌ക്

ഒരുകാലത്ത് ഇന്ത്യന്‍ റെഡ്‌ബോള്‍ ടീമില്‍ പകരം വെക്കാന്‍ സാധിക്കാത്ത താരങ്ങളില്‍ ഒരാളായിരുന്നു അജിന്‍ക്യ രഹാനെ. ഇന്ത്യയുടെ ഉപനായകന്‍ വരെയായിട്ടുള്ള രഹാനെ ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു.

എന്നാല്‍ കുറച്ചായി താരത്തിന് പഴയ പോലെ കളിക്കാന്‍ സാധിക്കുന്നില്ല. ഒരുകാലത്ത് ടെസ്റ്റില്‍ മാറ്റിനിര്‍ത്താന്‍ പോലുമാകാത്ത, ഏറെ ആരാധകപിന്തുണയുണ്ടായിരുന്ന രഹാനെ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചാല്‍ ഹാര്‍ഡ്‌കോര്‍ ആരാധകര്‍ക്ക് പോലും മറുപടിയുണ്ടാകില്ല.

2021-2022 സീസണില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആറ് ഇന്നിങ്‌സുകളും കളിച്ചെങ്കിലും മികച്ച പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആറ് ഇന്നിങ്‌സില്‍ നിന്നും കേവലം 136 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ആവറേജാവട്ടെ 22.66ഉം.

പരമ്പര ഇന്ത്യ 2-1ന് തോല്‍ക്കുകയും ചെയ്തിരുന്നു.

ഇതോടെ തുടര്‍ന്നുള്ള പരമ്പരകളില്‍ നിന്നും രഹാനെയെ പുറത്താക്കിയിരുന്നു. രഹാനയ്ക്ക് പുറമെ വൃദ്ധിമാന്‍ സാഹ, ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ തുടങ്ങിയവരെയും ഒഴിവാക്കിയിരുന്നു.

2022 ഐ.പി.എല്ലില്‍ കളിച്ചെങ്കിലും ഏഴ് മത്സരത്തില്‍ നിന്നും 133 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. ഇതിന് ശേഷം താരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ ഉണ്ടായതുമില്ല.

എന്നാലിപ്പോള്‍, ആരാധകരോട് ഒരു നിര്‍ദേശം ചോദിച്ചതിന്റെ പേരില്‍ എയറില്‍ കയറിയിരിക്കുകയാണ് രഹാനെ. താന്‍ വീക്ക് എന്‍ഡ് പ്ലാനിങ്ങിലാണെന്നും ഏതൊക്കെ ഷോ അല്ലെങ്കില്‍ സിനിമകള്‍ കാണണം എന്ന് സജസ്റ്റ് ചെയ്യാന്‍ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ പൊങ്കാലയായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

യൂട്യൂബില്‍ ചെന്ന് 2014-2016ല്‍ രഹാനെ കളിച്ച ടെസ്റ്റിന്റെ ഹൈലൈറ്റ് കാണാനായിരുന്നു ഒരു ആരാധകന്‍ ആവശ്യപ്പെട്ടത്. വെറുതെ സിനിമ കണ്ട് സമയം കളയാതെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാനായിരുന്നു മറ്റൊരു ആരാധകന്‍ പറഞ്ഞത്.

ഒരാള്‍ അല്‍പം കൂടി കടന്ന് ചേതേശ്വര്‍ പൂജാരയുടെ ഇന്നിങ്‌സ് കണ്ടുപഠിക്കാനാണ് രഹാനെയോടാവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ ഒന്നിന് പിന്നാലെ ഒന്നായി സെഞ്ച്വറിയടിച്ചുകൂട്ടുകയാണ് പൂജാര. സസക്‌സിന്റെ ക്യാപ്റ്റനായാണ് പൂജാര ഇംഗ്ലണ്ടില്‍ തിളങ്ങുന്നത്.

കൗണ്ടിയിലെ പ്രകടനത്തിന് പിന്നാലെ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലും ഇടം നേടിയിരുന്നു. ദേശീയ ടീമിലേക്ക് മടങ്ങി വന്ന താരം മികച്ച പ്രകടനമായിരുന്നു നടത്തിയത്.

Content Highlight: Fans Slams Ajinkya Rahane As He Asks For Movie Suggestions

We use cookies to give you the best possible experience. Learn more