| Friday, 24th February 2023, 11:10 am

ബാഴ്‌സലോണയില്‍ തുടരാന്‍ അയാള്‍ക്കൊരു അര്‍ഹതയുമില്ല, ഈ സീസണോടെ ക്ലബ്ബ് വിടണം; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ എഫ്.സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് ബാഴ്‌സയെ കീഴ്‌പ്പെടുത്തിയത്. ഇതോടെ യുണൈറ്റഡ് ബാഴ്സയെ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ബാഴ്‌സലോണക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാഴ്‌സ താരം സെര്‍ജി റോബര്‍ട്ടോയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടി നിരവധി ആരാധകര്‍ ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തി.

പെഡ്രിയുടെയും ഗാവിയുടെയും അഭാവത്തില്‍ ഫ്രാങ്ക് കെസ്സിനെയും ഫ്രങ്കി ഡി ജോങ്ങിനെയുമായിരുന്നു ബുസ്‌ക്വെറ്റ്‌സിനൊപ്പം മധ്യ നിരയില്‍ സാവി ഇറക്കിയിരുന്നത്. അത് ടീമിന് തിരിച്ചടിയായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ 70 മിനിട്ട് കളത്തിലുണ്ടായിട്ടും റോബര്‍ട്ടോയ്ക്ക് ഒന്നും ചെയ്യാനാകാത്തത് വലിയ നിരാശയാണെന്നും അദ്ദേഹത്തെ പോലൊരു താരത്തെ ബാഴ്‌സ നിലനിര്‍ത്തുന്നതില്‍ കാര്യമില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

ഒറ്റ ക്രോസ് പോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത പൊസെഷന്‍ നഷ്ടപ്പെടുത്തിയ താരത്തിന് ബാഴ്‌സലോണയില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും റോബര്‍ട്ടോ ഈ സീസണില്‍ ക്ലബ്ബ് വിട്ട് പോകണമെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. അതോടൊപ്പം റഫീഞ്ഞക്കും കെസ്സിക്കും ബാഴ്‌സയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ട്വീറ്റുകളുണ്ട്.

മത്സരം 18 മിനിട്ട് പിന്നിട്ടപ്പോള്‍ അനുവദിച്ച് കിട്ടിയ പെനാല്‍ട്ടി റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്‌സക്ക് മത്സരത്തില്‍ ആധിപത്യം ലഭിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ബ്രസീലിയന്‍ താരങ്ങളായ ഫ്രഡ്, ആന്റണി എന്നിവരായിരുന്നു ചുവന്ന ചെകുത്താന്‍മാര്‍ക്ക് വേണ്ടിയുള്ള വിജയ ഗോളുകള്‍ സ്വന്തമാക്കിയത്.

ലാ ലിഗയില്‍ 22 മത്സരങ്ങളില്‍ നിന്നും 59 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സ ഫെബ്രുവരി 24ന് അല്‍മിറയെയാണ് അടുത്തതായി എതിരിടുക.

Content Highlights: Fans slams against Barcelona player Sergi Roberto after the lost against Manchester United

We use cookies to give you the best possible experience. Learn more