| Saturday, 5th March 2022, 7:23 pm

'താനൊക്കെ ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ അപമാനമാണെടോ'; ഷെയ്ന്‍ വോണിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഗവാസ്‌കറിനെതിരെ ആരാധകരോഷം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഷെയ്ന്‍ വോണ്‍ ഒരിക്കലും ലോകത്തിലെ മികച്ച ബൗളറല്ല എന്നായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം.

വോണിന്റെ മരണത്തിന് പിന്നാലെ കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അസറുദ്ദീന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ മുതല്‍ ജസ്പ്രീത് ബുംറയടക്കമുള്ള യുവ ഇന്ത്യന്‍ താരങ്ങളെല്ലാം തന്നെ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചിരുന്നു. ലോകം കണ്ട ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ എന്ന തരത്തിലുള്ള ട്വീറ്റുകളായിരുന്നു താരങ്ങള്‍ പങ്കുവെച്ചിരുന്നത്.

എന്നാല്‍, ഗവാസ്‌കര്‍ ഈ അഭിപ്രായക്കാരനല്ലായിരുന്നു. വോണിനെ ലോകത്തിലെ മികച്ച ബൗളര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യയ്‌ക്കെതിരെ ഒരു മികച്ച ബൗളിംഗ് റെക്കോഡ് പോലും വോണിനില്ല എന്നുമായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

സ്‌പോര്‍ട്‌സ് റ്റുഡേയോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘വോണാണ് എക്കാലത്തേയും മികച്ച സ്പിന്നര്‍ എന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സ്പിന്നേഴ്‌സും മുത്തയ്യ മുരളീധരനുമാണ് വോണിനെക്കാളും ഏറ്റവും മികച്ച സ്പിന്‍ ബൗളേഴ്‌സ്.

ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോഡ് പോലുമില്ലാത്ത ഓര്‍ഡിനറി ബൗളറാണ് വോണ്‍. നാഗ്പൂരില്‍ വെച്ച് അഞ്ച് വിക്കറ്റ് നേട്ടം ഒരിക്കല്‍ മാത്രമാണ് നേടാനായിട്ടുള്ളത്. ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനങ്ങളൊന്നും തന്നെ വോണിന്റെ പേരിലില്ല. ഞാന്‍ മുത്തയ്യ മുരളീധരനെയാണ് വോണിനേക്കാളും മുകളില്‍ റാങ്ക് ചെയ്യുന്നത്,’ എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

എന്നാല്‍ ഗവാസ്‌കറിന്റെ ഈ പരാമര്‍ശത്തിന് പിന്നാലെ നിരവധി ആരാധകരാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. രൂക്ഷമായ ഭാഷയിലായിരുന്നു അവര്‍ ഗവാസ്‌കറിനുള്ള മറുപടി നല്‍കിയത്.

ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അപമാനമാണെന്നും, ഈയൊരു സാഹചര്യത്തില്‍ ഗവാസ്‌കറിന്റെ പരാമര്‍ശം ഉചിതമായില്ലെന്നുമുള്ള തരത്തിലാണ് ആരാധകര്‍ ട്വീറ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമായിരുന്ന ഹൃദയാഘാതം മൂലം ഓസീസ് സെന്‍സേഷന്‍ ഷെയ്ന്‍ വോണ്‍ അന്തരിക്കുന്നത്. തായ്‌ലാന്‍ഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ ആയിരുന്നു അന്ത്യം.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ വോണ്‍, 1992ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന്‍ വോണ്‍. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളായിരുന്നു വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്നായി ആയിരത്തിലധികം വിക്കറ്റുകളാണ് വോണ്‍ നേടിയത്. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോണ്‍.

2008ലെ പ്രഥമ ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയതും ക്യാപ്റ്റന്‍ കം കോച്ചായ ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു.

Content highlight:  Fans slam Sunil Gavaskar for insensitive comments on Shane Warne

We use cookies to give you the best possible experience. Learn more