തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ (ടി.എന്‍.പി.എല്‍) ആദ്യ മത്സരത്തില്‍ തന്നെ തലപൊക്കി വിവാദങ്ങള്‍. മത്സരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെയാണ് വിവാദവും തുടര്‍ന്ന് ആരാധകരോഷവും ഉടലെടുത്തിരിക്കുന്നത്.
ടി.എന്‍.പി.എല്ലിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെപക് സൂപ്പര്‍ ഗില്ലീസും നെല്ലായ് റോയല്‍ കിങ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം നടന്നത്. ഇതില്‍ ഉള്‍പ്പെട്ടതാകട്ടെ തമിഴ്‌നാട് ടീമിലെ സീനിയര്‍ താരങ്ങളും.
ചെപക് ഇന്നിങ്‌സിലെ നാലാം ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാം പന്തില്‍ നെല്ലായ് ഓള്‍റൗണ്ടറും തമിഴ്‌നാട് ടീമിലെ സീനിയര്‍ താരവുമായ ബാബ അപ്രജിത് സൂപ്പര്‍ ഗില്ലീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററും മറ്റൊരു സീനിയര്‍ താരവുമായ എന്‍. ജഗദീശനെ പുറത്താക്കുകയായിരുന്നു.
ബൗളെറിയും മുമ്പേ ക്രീസ് വിട്ടിറങ്ങിയ ജഗദീശനെ മങ്കാദിങ് വഴിയാണ് അപ്രജിത് പുറത്താക്കിയത്. ഇതോടെ രോഷാകുലനായ ജഗദീശന്‍ പവലിയനിലേക്ക് തിരികെ നടക്കുന്നതിനിടെ പലതവണ നെല്ലായ് താരങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ തലപൊക്കിത്തുടങ്ങിയത്.
Baba Aparajith runs out Jagadeesan at non striker’s end on his delivery stride. Out as per the laws. Jagadeesan was not too pleased at all
ജഗദീശനെതിരെ ട്വിറ്ററിലടക്കം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിന്റെ മാന്യത കളയാതെ കളിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രം കളിച്ചാല്‍ മതിയെന്നായിരുന്നു ആരാധകര്‍ ഒരേസ്വരത്തില്‍ പറഞ്ഞത്.
അതേസമയം, മത്സരത്തില്‍ നെല്ലായ് റോയല്‍ കിങ്‌സ് വിജയിച്ചിരുന്നു. നാടകീയ അന്ത്യത്തിനൊടുവിലാണ് റോയല്‍ കിങ്‌സ് നിലവിലെ ചാമ്പ്യന്‍മാരെ അട്ടിമറിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ കിങ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തിരുന്നു. എല്‍. സൂര്യപ്രകാശിന്റെയും സഞ്ജയ് യാദവിന്റെയും പ്രകടനത്തിന്റെ ബലത്തിലായിരുന്നു റോയല്‍ കിങ്‌സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെപക്കും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ കൗശിക് ഗാന്ധിയുടെ ഇന്നിങ്‌സായിരുന്നു ചെപക്കിന് തുണയായത്.