ഹര്‍ദിക്കിന് പകരം ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജുവായിരുന്നെങ്കില്‍....
Sports News
ഹര്‍ദിക്കിന് പകരം ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജുവായിരുന്നെങ്കില്‍....
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th August 2023, 3:02 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ തിരിച്ചുവന്നിരിക്കുകയാണ്. തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്നിരിക്കെ എന്ത് വിലകൊടുത്തും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഹര്‍ദിക്കും സംഘവും പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലേക്കിറങ്ങിയത്.

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടില്‍ വിന്‍ഡീസ് തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ പരമ്പരയില്‍ 2-1 എന്ന് നില മെച്ചപ്പെടുത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റും 13 പന്തും ശേഷിക്കെ മറികടക്കുകയായിരുന്നു.

44 പന്തില്‍ 83 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിനൊപ്പം ഇന്ത്യന്‍ യുവതാരം തിലക് വര്‍മും അസാമാന്യ പ്രകടനം പുറത്തെടുത്തിരുന്നു. 37 പന്തില്‍ നിന്നും പുറത്താകാതെ 49 റണ്‍സാണ് താരം നേടിയത്.

നായകന്‍ ഹര്‍ദിക് പാണ്ഡ്യയും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 14 പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ സിക്‌സറടിച്ചുകൊണ്ടാണ് പാണ്ഡ്യ ഇന്ത്യയെ വിജയിപ്പിച്ചത്.

മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വിന്നിങ് ഷോട്ട് ആരാധകര്‍ക്ക് അത്രക്കങ്ങോട്ട് ഇഷ്ടപ്പെട്ടിരുന്നില്ല. വിജയം ഉറപ്പിച്ച് നില്‍ക്കവെ തിലക് വര്‍മയെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല എന്നാണ് ആരാധകര്‍ ഹര്‍ദിക്കിന് മേല്‍ കുറ്റമാരോപിക്കുന്നത്.

14 പന്തില്‍ രണ്ട് റണ്‍സ് വേണെമെന്നിരിക്കെ ഇത്തരത്തില്‍ ഒരു ഷോട്ടിന് മുതിരാതെ സിംഗിള്‍ നേടി സ്‌ട്രൈക്ക് തിലക് വര്‍മക്ക് നല്‍കണമായിരുന്നുവെന്നും വിജയ റണ്ണിനൊപ്പം തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ തിലക് വര്‍മക്ക് അവസരം ലഭിക്കുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. തന്റെ മൂന്നാമത് മാത്രം അന്താരാഷ്ട്ര മത്സരം കളിക്കുന്ന തിലക് വര്‍മക്ക് ഇത് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ദിക് പാണ്ഡ്യക്ക് പകരം സഞ്ജു സാംസണോ എം.എസ്. ധോണിയോ വിരാട് കോഹ്‌ലിയോ ആയിരുന്നു മറുവശത്തെങ്കില്‍ തിലക് വര്‍മക്ക് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നുണ്ട്.

2014 വേള്‍ഡ് കപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ വിരാടിന് വേണ്ടി പന്ത് മുട്ടിയിട്ട ധോണിയെയും, കഴിഞ്ഞ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 49ല്‍ നില്‍ക്കവെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള അവസരമുണ്ടായിട്ടും ദിനേഷ് കാര്‍ത്തിക്കിനോട് മത്സരം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് സ്‌ട്രൈക്ക് നിരസിച്ച വിരാട് കോഹ്‌ലിയെയും ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ തനിക്ക് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടായിട്ടും യശസ്വി ജെയ്‌സ്വാളിന് സെഞ്ച്വറിയടിക്കാന്‍ വേണ്ടി നിസ്വാര്‍ത്ഥമായി കളത്തില്‍ നിന്ന സഞ്ജുവിനെയും കണ്ടുപഠിക്കാനും ആരാധകര്‍ ആവശ്യപ്പെടുന്നു.

 

 

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി തികയ്ക്കാനുള്ള അവസരമാണ് ഇതോടെ തിലക് വര്‍മക്ക് നഷ്ടമായത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പരയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് മെന്‍ ഇന്‍ ബ്ലൂ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടിലും വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം.

ആഗസ്റ്റ് 12നാണ് പരമ്പരയിലെ നാലം മത്സരം. സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്കാണ് വേദി.

 

Content highlight: Fans slam Hardik Pandya for not allowing Tilak Verma to complete his half-century