| Friday, 27th January 2023, 8:47 pm

'എവിടെ ചെന്നുകയറിയാലും അവിടം നശിപ്പിച്ചോളം'; ക്രിസ്റ്റ്യാനോക്കെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

അല്‍ നസറിലെ മോശം പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം നടത്തി ഫുട്‌ബോള്‍ ആരാധകര്‍. സൗദി സൂപ്പര്‍ കപ്പിലെ സെമി ഫൈനലില്‍ അല്‍ ഇത്തിഹാദിനെതിരെ തോല്‍വി വഴങ്ങിയ അല്‍ നസര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെയാണ് റോണോക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായത്.

റൊണാള്‍ഡോ അല്‍ നസര്‍ നശിപ്പിക്കുകയാണെന്നും സാധാരണ തങ്ങള്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിക്കാറുള്ളതാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. തങ്ങളുടെ ട്രോഫികള്‍ നശിപ്പിക്കാനാണോ റൊണാള്‍ഡോയെ അല്‍ നസറിലേക്ക് എത്തിച്ചതെന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

റൊണാള്‍ഡോ വരുന്നതിന് മുമ്പ് അല്‍ നസറിന്റെ വിന്‍ റേറ്റ് 10 മത്സരങ്ങളില്‍ 80 ശതമാനം ആയിരുന്നെന്നും ഇപ്പോഴത് 33 ശതമാനമായി കുറഞ്ഞെന്നും ട്വീറ്റുകളില്‍ പറയുന്നു. താരത്തിനെതിരെ വിമര്‍ശനവുമായി അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയും രംഗത്തെത്തിയിരുന്നു.

റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ സമനില ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സുവര്‍ണാവസരം ലഭിച്ചിരുന്നെങ്കിലും ഗോളാക്കാനായില്ല. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ റൊണാള്‍ഡോ അവസരം പാഴാക്കിയതാണ് കളി തോല്‍ക്കാന്‍ കാരണമെന്ന് ഗാര്‍ഷ്യ പറയുകയായിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി പ്രൊ ലീഗില്‍ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി റൊണാള്‍ഡോ കളിച്ച ആദ്യ മത്സരത്തിന് ശേഷം റൂഡി ഗാര്‍ഷ്യ താരത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. റൊണാള്‍ഡോക്ക് മാത്രം പന്ത് ലഭിക്കുന്നതിന് പകരം ടീമിന്റെ ഭാഗമായി റൊണാള്‍ഡോ നില്‍ക്കുകയാണ് വേണ്ടതെന്ന് ഗാര്‍ഷ്യ സൂചിപ്പിച്ചിരുന്നു.

സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ അനായാസം ഗോളുകള്‍ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അല്‍ നസ്റില്‍ ലഭിച്ചിരിക്കുന്നത്.

പി.എസ്.ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ മോശം ഫോമില്‍ നിന്ന് പുറത്തുകടന്ന് മികച്ച പ്രകടനം നടത്തേണ്ടത് റൊണാള്‍ഡോക്ക് അനിവാര്യമാണ്.

Content Highlights: Fans slam Cristiano Ronaldo after the lose of Al Nassr against Al Etihad

We use cookies to give you the best possible experience. Learn more