അന്ന് പെലെ പോലും അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി, ഇനിയും നിങ്ങളുടെ പ്രശ്‌നമെന്താണ്; പാശ്ചാത്യ മാധ്യമങ്ങളുടെ വായടപ്പിച്ച് ആരാധകര്‍
Sports News
അന്ന് പെലെ പോലും അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി, ഇനിയും നിങ്ങളുടെ പ്രശ്‌നമെന്താണ്; പാശ്ചാത്യ മാധ്യമങ്ങളുടെ വായടപ്പിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th December 2022, 8:24 pm

ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. 1986ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന വിശ്വവിജയികളാകുന്നത്.

ഇരട്ട ഗോളുമായി തിളങ്ങിയ മെസി തന്നെയായിരുന്നു ഫൈനലില്‍ അര്‍ജന്റീനയുടെ ഏയ്‌സ്. കോപ്പാ അമേരിക്കക്കും ഫൈനലിസിമക്കും ശേഷം ലോകകിരീടവും സ്വന്തമാക്കിയാണ് മെസി GOAT എന്ന പേരിന് താന്‍ അര്‍ഹനാണെന്ന വസ്തുത ഒരിക്കല്‍ക്കൂടി ലോകത്തിന് മുമ്പില്‍ തെളിയിച്ചത്.

എന്നാല്‍, ലോകകപ്പ് ഫൈനലില്‍ കിരീടം ഏറ്റുവാങ്ങുന്നതിന് മുമ്പ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മെസിയെ അണിയിച്ച കറുത്ത മേല്‍ വസ്ത്രത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് ഇപ്പോഴും തുടരുകയാണ്.

ഷെയ്ഖ് തമീം അണിയിച്ച കറുത്ത മേല്‍വസ്ത്രത്തിനൊപ്പമായിരുന്നു മെസി ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയത്.

ബിശ്ത് (Bisht) എന്നറിയപ്പെടുന്ന ഈ വസ്ത്രം അറബ് ലോകത്തെ രാജ കുടുംബത്തില്‍ പെട്ട പുരുഷന്മാരോ, അല്ലെങ്കില്‍ സമൂഹത്തിലെ ഉന്നതശ്രണിയിലുള്ളവരോ വിവാഹം, മതപരമായ ആഘോഷങ്ങള്‍, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരംതുടങ്ങിയ വിശേഷാവസരങ്ങളില്‍ ധരിക്കുന്നതാണ്.

ഒട്ടകത്തിന്റെയും ആടിന്റെയും രോമങ്ങള്‍ കൊണ്ടാണ്ഇത് നിര്‍മിച്ചിരിക്കുന്നത്.ബിശ്തിന്റെ ഗുണമേന്മയും നിലവാരവും വര്‍ധിക്കുന്നതിനനുസരിച്ച് അത് ധരിക്കുന്ന വ്യക്തികളുടെ അന്തസ്സും വര്‍ധിക്കും എന്നാണ് അറബ് സമൂഹത്തിലെ വിശ്വാസം.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങളിലാന്ന് സമൂഹത്തിലെ ഉന്നത ശ്രണിയിലുള്ള അറബികള്‍ ബിശ്ത് ധരിക്കുന്നത്.

ഫിഫ പ്രസിഡന്റിനെ സാക്ഷി നിര്‍ത്തിയാണ് ഷെയ്ഖ് തമീം മെസിയെ ബിശ്ത് ധരിപ്പിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ വിവാദങ്ങള്‍ തല പൊക്കുകയായിരുന്നു.

ഇത് അര്‍ജന്റീനയുടെ പ്രധാനപ്പെട്ട നിമിഷമാണ് അല്ലാതെ ഖത്തറിന്റെയല്ല, ഈ സമയത്ത് അറബ് സംസ്‌കാരത്തിലുള്ളവരുടെ വസ്ത്രം കലര്‍ത്തിയത് ഒട്ടും ശരിയായില്ല എന്ന അഭിപ്രായമായിരുന്നു ഇ.എസ്.പി.എന്‍ ലേഖകനായ മാര്‍ക് ഓഗ്ടണ്‍ പങ്കുവെച്ചത്.

ഇതിന് സമാനമായ അഭിപ്രായങ്ങള്‍ ബി.ബി.സി അടക്കമുള്ള മറ്റു പല പാശ്ചാത്യ മാധ്യമങ്ങളും പങ്കുവെച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ പ്രിയ മിശിഹായെ പിന്തുണക്കാനായി അര്‍ജന്റൈന്‍ ആരാധകര്‍ തന്നെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്.

1970 ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബ്രസീല്‍ കപ്പുയര്‍ത്തുമ്പോഴുള്ള ചിത്രം പങ്കുവെച്ചാണ് ഇവര്‍ പാശ്ചാത്യ മാധ്യമങ്ങളോട് ചോദ്യമുന്നയിക്കുന്നത്.

അന്ന് മെക്‌സിക്കന്‍ സംസ്‌കാരത്തിന്റെയും ഫോക് കള്‍ച്ചറിന്റെയും ഭാഗമായ സോംബ്രെറോ തൊപ്പിയണിഞ്ഞുകൊണ്ടായിരുന്നു പെലെ വിജയാഘോഷങ്ങളില്‍ പങ്കെടുത്തതും കപ്പ് ഏറ്റുവാങ്ങിയതും. ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തുവന്നത്.

1970ല്‍ തന്റെ മൂന്നാം കിരീടമായിരുന്നു പെലെ മെക്‌സിക്കോയില്‍ വെച്ച് നേടിയത്. 1958, 1962 ലോകകപ്പുകളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകത്തിന്റെ നെറുകയിലെത്തിയത്.

വിവാദങ്ങള്‍ തലപൊക്കിത്തുടങ്ങിയപ്പോള്‍ തന്നെ ഖത്തര്‍ അമീറിന്റെ ഈ നടപടിയെ പിന്തുണച്ചുകൊണ്ടും നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററിലെ പ്രൊഫസര്‍ ആയ ഡോക്ടര്‍ മുസ്തഫ ബെയ്ഗ് ‘വളരെ അപൂര്‍വം ആളുകള്‍ക്കെ ബിശ്ത് ധരിക്കാന്‍ അവസരം ലഭിക്കൂ. അവര്‍(ഖത്താരികള്‍) യഥാര്‍ത്ഥത്തില്‍ ബിശ്ത് മെസിയുടെ തോളില്‍ അണിഞ്ഞു കൊണ്ട് അദ്ദേഹത്തിന് വലിയൊരു ബഹുമാനമാണ് നല്‍കിയത്.

ഇതൊരുതരത്തില്‍ വലിയൊരു അഭിനന്ദനമാണ്, ഒരു തരത്തിലുള്ള സാംസ്‌കാരികമായ സ്വീകരണമായോ, അംഗീകാരമായോ ഇതിനെ കണക്കാക്കാം. ഇതിനേക്കാള്‍ വലിയ രീതിയില്‍ മെസിയെ ആദരിക്കാന്‍ അവര്‍ക്ക് കഴിയില്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ ഒരു മികച്ച, ആനന്ദകരമായ കാഴ്ചയാണ് അതെന്നും അറബ് രാജ്യങ്ങളേക്കാള്‍ ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സംസ്‌കാരമാണ് ബിശ്‌തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Content Highlight: Fans showed their support for Messi by sharing a picture of Pele wearing a Mexican hat