'പാവം പന്ത്', 'ഇതൊക്കെ കണ്ട് എനിക്ക് കരച്ചില്‍ വരുന്നു', 'ഇന്ത്യന്‍ ടീം എന്തൊരു ദുഷ്ടരാണ്'; റിഷബ് പന്തിന്റെ അവസ്ഥയില്‍ മനം നൊന്ത് സോഷ്യല്‍ മീഡിയ
Sports News
'പാവം പന്ത്', 'ഇതൊക്കെ കണ്ട് എനിക്ക് കരച്ചില്‍ വരുന്നു', 'ഇന്ത്യന്‍ ടീം എന്തൊരു ദുഷ്ടരാണ്'; റിഷബ് പന്തിന്റെ അവസ്ഥയില്‍ മനം നൊന്ത് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th September 2022, 8:14 pm

ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പര നേടിയാണ് ഇന്ത്യ ലോകകപ്പിന് മുമ്പ് തന്നെ പടയൊരുക്കം തുടങ്ങിയത്. മൂന്ന് മത്സരമടങ്ങിയ പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യയുടെ വിജയം.

പരമ്പരയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ താരമാണ് റിഷബ് പന്ത്. ഏകദിനത്തിലും ടെസ്റ്റിലും മികച്ച ഫോമില്‍ കളിക്കുമ്പോഴും ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ താളം കണ്ടെത്താന്‍ പന്തിനായിട്ടില്ല.

ഇതിനിടെയാണ് പന്തിനെ സഹതാരങ്ങള്‍ അവഗണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് ശേഷം ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീം പൂര്‍ണമായും പന്തിനെ അവഗണിക്കുകയായിരുന്നു. പന്ത് അടുത്ത് വന്നപ്പോള്‍ പോലും പലരും അദ്ദേഹത്തെ മൈന്‍ഡ് ചെയ്തിരുന്നില്ല. ട്രോഫി ഉയര്‍ത്തി ആഘോഷിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരറ്റത്ത് നോക്കി നില്‍ക്കുക മാത്രമായിരുന്നു പന്ത് ചെയ്തത്.

എപ്പോഴും ചിരിക്കാനിഷ്ടപ്പെടുന്ന, ഫണ്‍ ലവിങ്ങായ ക്രിക്കറ്ററാണ് റിഷ്ബ് പന്ത്. എന്നാല്‍ പന്തിന്റെ വാടിയ മുഖത്തോടുള്ള ഒരു വീഡിയോ ആണ് ആരാധകര്‍ പങ്കുവെക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഹര്‍ദിക് പാണ്ഡ്യയും താരത്തെ പൂര്‍ണമായും അവഗണിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരും സംസാരിക്കുന്നിടത്തേക്ക് പന്ത് ചെല്ലുകയും എന്നാല്‍ ഇവര്‍ പന്തിനെ മൈന്‍ഡ് പോലും ചെയ്യാതിരിക്കുന്നതും വീഡിയോയിലുണ്ട്. ഇവര്‍ക്കിടിയില്‍ നിന്നും പന്ത് മാറി നടക്കുന്നതും വീഡിയോയില്‍ കാണാം.

നിരവധി ആരാധകരാണ് വീഡിയോ പങ്കുവെക്കുന്നത്. റിഷബ് പന്തിന്റെ അവസ്ഥ ആലോചിക്കുമ്പോള്‍ തന്നെ സങ്കടം വരുന്നുണ്ടെന്നും ആളുകള്‍ നിറഞ്ഞ മുറിയില്‍ ഒറ്റപ്പെട്ടവന്റെ അവസ്ഥയാണ് പന്തിനെന്നും ആരാധകര്‍ പറയുന്നു.

“I’ve felt alone in a room full of people” part 2. https://t.co/cium0BuJhn

— ∆nkit🏏 (@CaughtAtGully) September 27, 2022

 

ടി-20 ഫോര്‍മാറ്റില്‍ താളം കണ്ടെത്താന്‍ പന്തിനായിട്ടില്ല. ഏഷ്യാ കപ്പിലും മോശം പ്രകടനമായിരുന്നു പന്ത് പുറത്തെടുത്തത്. ഒന്നിന് പിറകെ ഒന്നായി മോശം പ്രകടനം മാത്രം പുറത്തെടുക്കുമ്പോഴും ഇന്ത്യന്‍ ടീമും ബി.സി.സി.ഐയും താരത്തെ എപ്പോഴും പിന്തുണക്കുകയാണ്.

വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിലും പന്ത് ഉള്‍പ്പെട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങി ടി-20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ പുറത്തുനിര്‍ത്തിയാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ പന്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിലും പന്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ദീപ്ക് ഹൂഡ പുറത്തായതിനാല്‍ തന്നെ പന്തിന് കളിക്കാന്‍ അവസരം ലഭിച്ചേക്കാം. ടി-20 ഫോര്‍മാറ്റില്‍ തന്നെക്കൊണ്ടെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് പന്ത് തെളിയിക്കേണ്ട അവസരമിതാണ്. അല്ലാത്തപക്ഷം ലോകകപ്പിലും താരത്തിന് പഴി കേള്‍ക്കേണ്ടി വരുമെന്നുറപ്പാണ്.

 

Content Highlight: Fans sharing the video of Rishabh Pant being ignored by teammates