Film News
ടൈഗര്‍ 3; തിയേറ്റില്‍ പടക്കം പൊട്ടിച്ച് ആരാധകര്‍; ചിതറിയോടി പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 13, 02:40 am
Monday, 13th November 2023, 8:10 am

സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 നവംബര്‍ 11നാണ് തിയേറ്ററുകളിലെത്തിയത്. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫാണ് നായികയായത്. പത്താന് ശേഷം യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ നിന്നുമുള്ള ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചത്.

ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദീപാവലി ദിനത്തില്‍ എത്തിയ ചിത്രത്തിന്റെ തിയേറ്ററില്‍ നിന്നുമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കവേ പ്രേക്ഷകരില്‍ ചിലര്‍ പടക്കം പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതിനൊപ്പം തീപ്പൊരി ചിതറുന്നതും വീഡിയോയില്‍ കാണാം. ഇതോടെ സമീപത്തിരുന്നവര്‍ ചിതറിയോടുകയായിരുന്നു.

വീഡിയോ പ്രചരിച്ചതോടെ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പടക്കം പൊട്ടി സ്‌ക്രീനിന് തീ പിടിച്ചിരുന്നെങ്കിലോ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിലോ ആര് ഉത്തരവാദിത്തം പറയുമായിരുന്നു എന്നാണ് ഇയരുന്ന വിമര്‍ശനം. ഇതിനെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

അതേസമയം സല്‍മാന്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 2012ല്‍ പുറത്തെത്തിയ ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 2017ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ഈ വര്‍ഷം യാഷ് രാജ് ഫിലിംസ് തന്നെ നിര്‍മിച്ച പത്താന്‍ എന്ന ചിത്രത്തിലൂടെയാണ് യഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സിന് തുടക്കമിട്ടത്. ചിത്രത്തില്‍ സല്‍മാന്റെ കാമിയോ റോള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Content Highlight: Fans set off firecrackers at the theater while tiger 3 show