പ്രഭാസ് ചിത്രം സഹോയിലെ ക്ലിപ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി അണ്‍സ്ബ്‌സ്‌ക്രൈബ് നെറ്റ്ഫ്‌ളിക്‌സ് ഹാഷ്ടാഗ്. നെറ്റ്ഫ്‌ളിക്‌സ് ഇന്തോനേഷ്യയാണ് സഹോയിലെ പ്രഭാസിന്റെ കഥാപാത്രം പാരച്യൂട്ട് ബാഗുമായി കൊക്കയിലേക്ക് ചാടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ബാഗ് കൊക്കയിലേക്ക് എറിഞ്ഞിട്ടാണ് നായകന്‍ ചാടുന്നത്. താഴേക്ക് വീഴുന്നതിനിടയില്‍ ബാഗ് പിടിക്കുന്നതും വീഡിയോയിലുണ്ട്. നേരത്തെ തന്നെ ഏറെ വിമര്‍ശനം നേരിട്ട രംഗമാണിത്. ഇതാണ് വീണ്ടും നെറ്റ്ഫ്‌ളിക്‌സ് ഇന്തോനേഷ്യ പോസ്റ്റ് ചെയ്തത്.
എന്നാല്‍ സഹോയിലെ വീഡിയോ ഷെയര്‍ ചെയ്ത് പ്രഭാസിനെ അപമാനിച്ചു എന്നാരോപിച്ച് ആരാധകര്‍ നെറ്റ്ഫ്‌ളിക്‌സ് അണ്‍സബ്‌സ്‌ക്രൈബ് ചെയ്യുകയാണ്. സബ്‌സ്‌ക്രിബ്ഷന്‍ പിന്‍വലിച്ച് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്ന വീഡിയോ പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം അണ്‍സ്ബ്‌സ്‌ക്രൈബ് നെറ്റ്ഫ്‌ളിക്‌സ് ഹാഷ്ടാഗും ട്രെന്‍ഡിങ്ങായി.
അതേസമയം വീഡിയോ പുറത്ത് വന്നതോടെ പ്രഭാസിനെതിരെ ട്രോളുകളും ഉയര്‍ന്നിട്ടുണ്ട്. ഇതാണോ ഇന്ത്യയുടെ സൂപ്പര്‍മാനെന്നും ചാടിപ്പോയി പിടിക്കാനാണെങ്കില്‍ എന്തിനാണ് ബാഗ് എറിഞ്ഞതെന്നും ചിലര്‍ ട്വിറ്ററില്‍ ചോദിക്കുന്നു. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യന്‍ സിനിമയെ നാണം കെടുത്തുമെന്നും ഇതുപോലെയുള്ള അസംബന്ധങ്ങള്‍ ഉണ്ടാക്കിവെക്കരുതെന്നുമാണ് മറ്റൊരു ട്വീറ്റ്. സഹോയെ ട്രോളുന്ന വിദേശികള്‍ ആര്‍.ആര്‍.ആറിനെ പ്രശംസിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും ഒരു കമന്റുണ്ട്.
പുതിയ ചിത്രമായ ആദിപുരുഷിന്റെ ടീസറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒന്ന് തണുത്തുവരവെയാണ് പ്രഭാസിന് നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും വീണ്ടും പണി കിട്ടിയത്. ആദിപുരുഷിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ പരിഹാസമാണ് ഉയര്‍ന്നത്. വി.എഫ്.എക്സിനെതിരെയാണ് ട്രോളുകള്‍ വ്യാപകമായി ഉയര്‍ന്നത്. നിലവാരമില്ലാത്ത വി.എഫ്.എക്സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെയുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
അതേസമയം 2023 ജനുവരി 12ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് നീട്ടിയിട്ടുണ്ട്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിന് വേണ്ടി സിനിമയുടെ ടീമിന് കുറച്ച് കൂടി സമയം വേണമെന്ന് സംവിധായകന്‍ ഓം റൗട്ട് ട്വീറ്റ് ചെയ്തിരുന്നു. 2023 ജൂണ്‍ 16നായിരിക്കും ഇനി ആദിപുരുഷ് റിലീസ് ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: fans says Netflix insulted Prabhas by sharing Saaho video, unsubscribe netflix hashtag became trending