| Monday, 16th January 2023, 5:13 pm

മാന്‍ ഓഫ് ദി സീരീസിന് അര്‍ഹന്‍ മറ്റൊരാളല്ലേ? കോഹ്‌ലി രണ്ട് കളിയില്‍ മാത്രം തിളങ്ങിയപ്പോള്‍ ഇവന്‍ മൂന്നിലും തിളങ്ങിയില്ലേ...

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയും അവസാനിച്ചത്. നേരത്തെ മൂന്ന് ടി-20കളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്താണ് സ്വന്തമാക്കിയത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 317 റണ്‍സിന്റെ റെക്കോഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയ മാര്‍ജിനാണിത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും യുവതാരം ശുഭ്മന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ 97 പന്തില്‍ നിന്നും 116 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് 110 പന്തില്‍ നിന്നും പുറത്താകാതെ 166 റണ്‍സ് നേടി. പരമ്പരയില്‍ വിരാടിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

മൂന്നാം മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വിരാടിനെയായിരുന്നു മത്സരത്തിന്റെ താരവും പരമ്പരയുടെ താരവുമായി തെരഞ്ഞെടുത്തത്. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും വിരാട് കത്തിക്കയറിയപ്പോള്‍ രണ്ടാം മത്സരത്തില്‍ താരം പാടെ നിരാശപ്പെടുത്തിയിരുന്നു. ഒമ്പത് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രമാണ് കോഹ്‌ലി നേടിയത്.

എന്നാല്‍ പരമ്പരയിലെ മൂന്ന് മത്സരത്തിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മറ്റൊരു താരമുണ്ടായിരുന്നു. അവസാന മത്സരത്തില്‍ നാല് വിക്കറ്റ് പിഴുതെറിയുകയും ചമീക കരുണ രത്‌നെയെ റണ്‍ ഔട്ടിലൂടെ പുറത്താക്കുകയും ചെയ്ത മുഹമ്മദ് സിറാജിനെയായിരുന്നു യഥാര്‍ത്ഥത്തില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായമുയരുന്നുണ്ട്.

അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പടെ ഏഴ് ഓവര്‍ പന്തെറിഞ്ഞ സിറാജ് 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. 4.29 ആയിരുന്നു ആദ്യ മത്സരത്തില്‍ സിറാജിന്റെ എക്കോണമി.

അവിഷ്‌ക ഫെര്‍ണാണ്ടോയെ ഹര്‍ദിക്കിന്റെ കൈകളിലെത്തിച്ച് മടക്കിയ സിറാജ്, അകപടകാരിയായ കുശാല്‍ മെന്‍ഡിസിനെ ഒറ്റ റണ്‍ പേലും നേടാന്‍ അനുവദിക്കാതെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മടക്കിയത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന മത്സരത്തിലും സിറാജ് തിളങ്ങിയിരുന്നു. ആദ്യ മത്സരത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിറാജ് പുറത്തെടുത്തത്. 5.4 ഓവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ സിറാജിന്റെ വളര്‍ച്ച കൂടി അടയാളപ്പെടുത്തിയിരുന്നു. ചമീക കരുണരത്‌നെയെ പുറത്താക്കിയ സിറാജിന്റെ പ്രസെന്‍സ് ഓഫ് മൈന്‍ഡും മത്സരത്തിലെ ബൗളിങ് മികവും എടുത്ത് പറയേണ്ടത് തന്നെയാണ്.

മൂന്നാം മത്സരത്തില്‍ ഒരു മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തായാണ് സിറാജ് ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന്റെ നെടുംതൂണായത്.

മൂന്ന് മത്സരത്തിലും ഒരുപോലെ ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞ സിറാജിന് തന്നെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആരാധകരും ഏറെയായിരുന്നു.

ഒടുവില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ട്രോഫി സിറാജിന് കൈമാറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒന്നാകെ കയ്യടിച്ചതും ആ 28കാരന് വേണ്ടി തന്നെയായിരുന്നു.

Content highlight: Fans says Mohammed Siraj deserve man of the series than Virat Kohli

We use cookies to give you the best possible experience. Learn more