ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ടീമിന്റെ റെക്കോഡുകളാണെങ്കിലും വ്യക്തിഗത നേട്ടങ്ങളാണെങ്കിലും ഇരു ടീമുകളും കളിക്കാരും എന്നും മത്സരത്തിലാണ്.
റെക്കോഡുകള്‍ നേടാന്‍ എന്നും മത്സരമുള്ള താരങ്ങളാണ് ഇരു ടീമിലുമുള്ളത്. ഇന്ത്യന്‍ നിരയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് റെക്കോഡിന്റെ തോഴന്‍ എങ്കില്‍ ഓസ്‌ട്രേലിയയില്‍ അത് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ്.
ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഇന്നും തകര്‍ക്കപ്പെടാത്ത ഒരുപാട് റെക്കോഡുകള്‍ പോണ്ടിങ്ങിന്റെ പേരിലുണ്ട്. അതില്‍ ചില റെക്കോഡുകളുടെ തൊട്ടടുത്ത് വരെ ഇന്ത്യന്‍ താരങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും തകര്‍ക്കാനായില്ല.
പോണ്ടിങ്ങിന്റെ റെക്കോഡുകളുടെ അടുത്തെത്തിയിട്ട് അത് നേടാനാവാതെ പല തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ പടിക്കല്‍ കലമുടച്ചത്. ഇതോടെ പോണ്ടിങ്ങിനെ മന്ത്രവാദിയായും ഇത് അദ്ദേഹത്തിന്റെ മന്ത്രവാദവുമാണെന്നുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
വിരാട് കോഹ്‌ലിക്ക് അന്താരാഷ്ട്ര തലത്തില്‍ 70 ഏകദിന സെഞ്ച്വറികളാണുള്ളത്. 2019ലാണ് താരം തന്റെ 70ാം സെഞ്ച്വറി നേടിയത്. നൂറ് സെഞ്ച്വറിയുള്ള സച്ചിന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ള ബാറ്റര്‍ റിക്കി പോണ്ടിങ്ങാണ്. 71 അന്താരാഷ്ട്ര സെഞ്ച്വറിയാണ് പോണ്ടിങ് തന്റെ കരിയറില്‍ കുറിച്ചിരിക്കുന്നത്. വിരാടിന് ഒരു സെഞ്ച്വറി നേടിയാല്‍ അദ്ദേഹത്തിനൊപ്പമെത്താം എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി താരത്തിന് അതിന് സാധിക്കുന്നില്ല.
നേരത്തെ സച്ചിന്‍ ഫാന്‍സിന്റെ ‘കൂടോത്രം’ കാരണമാണ് വിരാട് സെഞ്ച്വറി അടിക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ട്രോളുകള്‍ പോണ്ടിങ്ങിനാണ് ലഭിക്കുന്നത്. അതിന് മറ്റ് കാരണങ്ങളുമുണ്ട്.
ഏറ്റവും കൂടുതല്‍ ഐ.സി.സി കിരീടം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ്. കരിയറില്‍ മൂന്ന് ഐ.സി.സി. കപ്പുകള്‍ നേടിയാണ് ധോണി കളി അവസാനിപ്പിച്ചത്. എന്നാല്‍ നാല് ഐ.സി.സി കിരീടമാണ് റിക്കി പോണ്ടിങ്ങിനുള്ളത്.
ധോണി ഒരു ട്വന്റി 20 ലോകകപ്പും ഒരു ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയപ്പോള്‍ പോണ്ടിങ്ങ് രണ്ട് ലോകകപ്പുകളും അത്രയും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. ധോണിക്ക് പോണ്ടിങ്ങിന്റെ റെക്കോഡ് മറികടക്കാന്‍ സാധിച്ചില്ല.
ഏകദിനത്തില്‍ 30 സെഞ്ച്വറികളാണ് റിക്കി പോണ്ടിങ്ങിനുള്ളത്. 29 സെഞ്ച്വറിയുമായി രോഹിത് ശര്‍മ തന്റെ 30ാം സെഞ്ച്വറിക്കായി കാത്തിരിക്കുകയാണ്. നേടുമോ ഇല്ലയോ എന്ന് കണ്ടറിയണം.
നായകനായി നിന്ന് ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്. ഇന്ത്യയുടെ മുന്‍ നായകനായ കോഹ്‌ലി 27 തവണയാണ് ക്യാപ്റ്റന്‍ ആയതിന് ശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
എന്നാല്‍ അവിടെയും കോഹ്‌ലിക്ക് വില്ലനായത് പോണ്ടിങ് തന്നെയാണ്. ക്യാപ്റ്റനായി 28 മാന്‍ ഓഫ് ദി മാച്ചാണ് പോണ്ടിങ്ങിനുള്ളത്. ഈ വര്‍ഷം ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ വിരാടിന് ഇനി ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കില്ല.
ഈ വര്‍ഷമാണ് രോഹിത് ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ നായകനായി ചുമതലയേറ്റത്. മികച്ച രീതിയിലാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നയിക്കുന്നത്. തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് മികച്ച റെക്കോഡുണ്ടാക്കുകയായിരുന്നു താരം.
അന്താരാഷ്ട്ര മത്സരത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരം വിജയിക്കുന്ന നായകന്‍ എന്ന റെക്കോഡിന് റിക്കി പോണ്ടിങ്ങിന് തൊട്ടുമുന്നില്‍ അവസാനിപ്പിക്കാനായിരുന്നു രോഹിത്തിന്റെയും വിധി.
തുടര്‍ച്ചയായി 19 മത്സരങ്ങളാണ് രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ വിജയിച്ചത്. റിക്കി പോണ്ടിങ്ങാകട്ടെ 20 ജയവും. അങ്ങനെ പോണ്ടിങ്ങിന്റെ ഇതുപോലെയുള്ള റെക്കോഡുകളുടെ തൊട്ടുമുമ്പില്‍ വീഴാനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിധി.
ഇതില്‍ തകര്‍ക്കപ്പെടാന്‍ ചാന്‍സുള്ളത് രണ്ട് റെക്കോഡ് മാത്രമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പോണ്ടിങ്ങിന്റെ 71 സെഞ്ച്വറിയും ഏകദിനത്തിലെ രോഹിത്തുമായുള്ള സെഞ്ച്വറി മല്‍പ്പിടുത്തവും. വിരാടിനും രോഹിത്തിനും സെഞ്ച്വറി നേടാന്‍ ഇനിയും അവസരമുള്ളതിനാല്‍ ഈ റെക്കോഡുകള്‍ തകര്‍ക്കപ്പെട്ടേക്കാം.
Content Highlights: Fans says Indian team is cursed by Ricky Ponting