| Sunday, 6th August 2023, 9:33 pm

ഓനെക്കൊണ്ടൊന്നും പറ്റൂല ചെങ്ങായ്... മൂന്നാം നമ്പറിലെ കിങ് വിരാട് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. തിലക് വര്‍മയൊഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വീണ്ടും പരാജയമായതോടെ സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യ പാടുപെടുകയാണ്.

ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായ ഇന്ത്യക്ക് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സൂര്യകുമാര്‍ യാദവിനെയും നഷ്ടമായി. മൂന്ന് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടിയാണ് സൂര്യകുമാര്‍ പുറത്തായത്.

ഒബെഡ് മക്കോയ്‌യുടെ പന്തില്‍ സിംഗിളിന് ശ്രമിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും പിഴച്ചു. സൂപ്പര്‍ താരം കൈല്‍ മയേഴ്‌സിന്റെ ഡയറക്ട് ഹിറ്റില്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ ഡഗ് ഔട്ടില്‍ നിരാശ പരന്നിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ 21 പന്തില്‍ 21 റണ്‍സുമായാണ് സൂര്യകുമാര്‍ പുറത്തായത്. ഇത് മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തന്‍ വിരാട് കോഹ്‌ലിയാണെന്ന് അടിവരയിട്ടുറപ്പിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. വെറുതെ പറയുക മാത്രമല്ല, കണക്കുകള്‍ നിരത്തി തങ്ങളുടെ വാദങ്ങള്‍ ഇവര്‍ സാധൂകരിക്കുന്നുമുണ്ട്.

ടി-20യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി നേടിയ റണ്‍സ് താരതമ്യപ്പെടുത്തിയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യക്കായി അവസാനം കളിച്ച 15 മത്സരത്തില്‍ നിന്നും 57.80 എന്ന ശരാശരിയില്‍ വിരാട് 578 റണ്‍സാണ് നേടിയത്. സൂര്യകുമാറും മറ്റ് ബാറ്റര്‍മാരും മൂന്നാം നമ്പറില്‍ ഇറങ്ങി നേടിയതാകട്ടെ 340 റണ്‍സും. 24.28 എന്ന ആവറേജിലാണ് മറ്റ് ബാറ്റര്‍മാര്‍ സ്‌കോര്‍ ചെയ്യുന്നത്.

ടി-20യില്‍ വിരാട് ഏറ്റവുമധികം റണ്‍സ് നേടിയതും മൂന്നാം നമ്പറില്‍ ഇറങ്ങിയാണ്. മൂന്നാം നമ്പറിലെ 78 ഇന്നിങ്‌സില്‍ നിന്നും 32 അര്‍ധ സെഞ്ച്വറിയടക്കം 3,047 റണ്‍സാണ് വിരാട് നേടിയത്. 135.00 എന്ന സ്‌ട്രൈക്ക് റേറ്റും 55.40 എന്ന ആവറേജുമാണ് വിരാടിന് മൂന്നാം നമ്പറിലുള്ളത്.

നാലാം നമ്പറിലാണ് വിരാട് പിന്നീട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 17 ഇന്നിങ്‌സില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 509 റണ്‍സാണ് നാലാം നമ്പറില്‍ വിരാടിന്റെ സമ്പാദ്യം.

എന്നാല്‍ അന്താരാഷ്ട്ര ടി-20യിലെ വിരാടിന്റെ ഏക സെഞ്ച്വറി നേട്ടം പിറന്നത് ഓപ്പണറായി ഇറങ്ങിയപ്പോഴാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഓപ്പറുടെ റോളില്‍ ഇറങ്ങി നേടിയ 122* ആണ് ടി-20യിലെ വിരാടിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം. ഓപ്പണറായി 57.41 എന്ന ശരാശരിയിലും 161.29 എന്ന പ്രഹരശേഷിയിലും 400 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

അതേസമയം, നാലാം വിക്കറ്റും നഷ്ടമായ ഇന്ത്യ തിലക് വര്‍മയുടെ ചിറകിലേറി മോശമല്ലാത്ത സ്‌കോറിലേക്ക് കുതിക്കുകയാണ്. അര്‍ധ സെഞ്ച്വറി തികച്ചാണ് താരം ബാറ്റിങ് തുടരുന്നത്. 15 ഓവര്‍ പിന്നിടുമ്പോള്‍ 106ന് നാല് എന്ന നിലയിലാണ് ഇന്ത്യ. 39 പന്തില്‍ 50 റണ്‍സുമായി തിലക് വര്‍മയും ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍ തുടരുന്നത്.

ഗില്ലിനും സൂര്യകുമാറിനും പുറമെ ഇഷാന്‍ കിഷന്‍ (23 പന്തില്‍ 27), സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Content highlight: Fans say Virat Kohli is India’s most reliable batsman at number three

Latest Stories

We use cookies to give you the best possible experience. Learn more