ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞത്.
ടി-20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ സകല പോരായ്മകളും വിളിച്ചുപറഞ്ഞ പരമ്പര കൂടിയായിരുന്നു ഇത്. മോശം ക്യാപ്റ്റന്‍സിയും ബാറ്റിങ്ങില്‍ പൊരുതാന്‍ പോലുമറിയാത്ത വാലറ്റവും എന്നുതുടങ്ങി ഇന്ത്യന്‍ ടീമിന്റെ പോരായ്മകള്‍ പലതും മുഴച്ചുനിന്നിരുന്നു.
പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വസിക്കാന്‍ പോന്ന ഒരു താരത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറിലേക്ക് ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
തിലക് വര്‍മ എന്ന യുവതാരത്തെയാണ് ആരാധകര്‍ നാലാം നമ്പറില്‍ യുവരാജിന്റെ പിന്‍ഗാമിയായി വാഴ്ത്തുന്നത്. ബാറ്റിങ്ങില്‍ യുവിയുടെ പിന്‍ഗാമിയാകാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചാണ് തിലക് വര്‍മ കയ്യടി നേടുന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ തിലക്, രണ്ടാം മത്സരത്തില്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
39 (22), 51 (41), 49* (37), 7* (5) 27 (18) എന്നിങ്ങനെയാണ് താരം ഈ പരമ്പരയില്‍ സ്‌കോര്‍ ചെയ്തത്. 140.65 എന്ന സ്‌ട്രൈക്ക് റേറ്റിലും 57.67 എന്ന ആവറേജിലും 173 റണ്‍സാണ് തിലക് നേടിയത്. 15 ബൗണ്ടറിയും ഏഴ് സിക്‌സറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും താരം ഒരു കൈ നോക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് തിലക് കയ്യടി നേടുന്നത്. ആദ്യ വിക്കറ്റായി പുറത്താക്കിയതാകട്ടെ സൂപ്പര്‍ താരം നിക്കോളാസ് പൂരനെയും.
Whatever he touches turns to gold 👌🔥
Tilak Varma 👊 can’t do no wrong as he picks up the big wicket of Nicholas Pooran ☝️ #WIvIND #SabJawaabMilenge #JioCinema pic.twitter.com/5lFHAP4lml
— JioCinema (@JioCinema) August 13, 2023
അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന പൂരനെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചാണ് തിലക് മടക്കിയത്. ഇതിന് പിന്നാലെ തിലക് തന്നെയാണ് യുവിയുടെ പിന്‍ഗാമിയെന്ന ആരാധകരുടെ വാദവും ശക്തമാവുകയാണ്.
മത്സരത്തില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് വിട്ടുകൊടുത്താണ് താരം ഒരു വിക്കറ്റ് വീഴ്ത്തിയത്.
ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനമാണ് ഇനി തിലക് വര്‍മക്ക് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 18ന് ദി വില്ലേജില്‍ വെച്ച് നടക്കും.
Content Highlight: Fans say Tilak Varma is Yuvraj Singh’s successor