ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുമ്പില്‍ 444 റണ്‍ഡിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഉയര്‍ത്തിയിട്ടുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ 270 റണ്‍സിന് എട്ട് എന്ന നിലയില്‍ തുടരവെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 444 റണ്‍സിന്റെ ലക്ഷ്യവുമായി ഇന്ത്യ നാലാം ദിവസം ബാറ്റിങ് ആരംഭിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നാലാം ദിവസം തന്നെ നഷ്ടമായിരുന്നു. മികച്ച തുടക്കം നല്‍കിയ നായകന്‍ 60 പന്തില്‍ നിന്നും 43 റണ്‍സ് നേടി പുറത്തായപ്പോള്‍ ഗില്‍ 18 റണ്‍സിനും പൂജാര 27 റണ്‍സിനും പുറത്തായി.
നിലവില്‍ 60 പന്തില്‍ നിന്നും 44 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 59 പന്തില്‍ നിന്നും 20 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. അഞ്ചാം ദിവസം 97 ഓവറില്‍ 280 റണ്‍സ് നേടിയാല്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കും.
That’s Stumps on Day 4 of #WTC23 Final!
We have an action-packed Day 5 in store tomorrow! #TeamIndia reach 164/3 and need 280 more runs to win, with @imVkohli & @ajinkyarahane88 at the crease 👌🏻👌🏻
Scorecard ▶️ https://t.co/0nYl21oYkY pic.twitter.com/0frfkWrEp0
— BCCI (@BCCI) June 10, 2023
ഫൈനല്‍ അവസാന ദിവസത്തിലേക്കെത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ പരകോടിയിലാണ്. ഒരു ടീമിനും നിലവില്‍ കൃത്യമായ മുന്‍തൂക്കമില്ലാത്തതിനാല്‍ ആര് ജയിക്കും എന്നറിയാനായി ആരാധകര്‍ നഖം കടിച്ചിരിപ്പാണ്.
ഓരോ ടീമിലെയും ലക്കി ചാമിന്റെ ലക്ക് ഫാക്ടര്‍ കൂടിയാണ് ഫൈനലില്‍ നൂല്‍പ്പാലത്തില്‍ തുടരുന്നത്. ഇന്ത്യയുടെ ഷര്‍ദുല്‍ താക്കൂറും ഓസീസിന്റെ ട്രാവിസ് ഹെഡുമാണ് അതാത് ടീമിന്റെ ഭാഗ്യ താരങ്ങള്‍.
ഷര്‍ദുല്‍ താക്കൂര്‍ അര്‍ധ സെഞ്ച്വറിയടിച്ച മത്സരത്തിലൊന്നും ഇന്ത്യ തോറ്റിട്ടില്ല എന്ന ആത്മവിശ്വാസം ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടാകുമ്പോള്‍, ട്രാവിസ് ഹെഡ് സെഞ്ച്വറിയടിച്ച ഒരു മത്സരത്തിലും കങ്കാരുക്കള്‍ പരാജയം രുചിച്ചിട്ടില്ല എന്നതാണ് ഓസീസ് ആരാധകരെയും ആവേശത്തിലാഴ്ത്തുന്നത്.
ഓസീസിന്റെ ആദ്യ ഇന്നിങ്‌സിലാണ് ഹെഡ് സെഞ്ച്വറിയുമായി തിളങ്ങിയത്. 174 പന്തില്‍ നിന്നും 25 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 163 റണ്‍സാണ് ഹെഡ് നേടിയത്. ഓസീസിന് മികച്ച സ്‌കോര്‍ നേടിക്കൊടുക്കാന്‍ ഹെഡിന്റെ ഈ സെഞ്ച്വറി വഹിച്ച പങ്ക് ചെറുതല്ല.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലാണ് ഷര്‍ദുല്‍ താക്കൂര്‍ അര്‍ധ സെഞ്ച്വറി നേടിയത്. 109 പന്തില്‍ നിന്നും 51 റണ്‍സാണ് താരം നേടിയത്. ഇന്ത്യയെ ഫോളോ ഓണില്‍ നിന്നും രക്ഷപ്പെടുത്തിയ താക്കൂറിന്റെ ഈ ഫിഫ്റ്റിക്കും മൂല്യമേറെയാണ്.
ടെസ്റ്റ് സമനിലയില്‍ കലാശിക്കാനുള്ള സാധ്യത തുലോം കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ ഇതില്‍ ഒരാളുടെ ലക്ക് ഫാക്ടറിന് വിരാമമാകുമെന്ന് ഉറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്.
Content Highlight: Fans say the luck factor of Shardul Thakur or Travis Head will end