'അത് നെയ്മറിന് അവകാശപ്പെട്ട ഗോള്‍; എംബാപ്പെ മാപ്പ് പറയണം'
Sports
'അത് നെയ്മറിന് അവകാശപ്പെട്ട ഗോള്‍; എംബാപ്പെ മാപ്പ് പറയണം'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th September 2022, 1:17 pm

ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍വേട്ട തുടരുകയാണ് എംബാപ്പെ. ഇന്നലെ യുവന്റസിനെ 2-1ന് പി.എസ്.ജി തകര്‍ത്തപ്പോള്‍ ആ രണ്ട് ഗോളുകളും പിറന്നത് എംബാപ്പെയുടെ കാലുകളില്‍ നിന്നായിരുന്നു.

പക്ഷെ പറഞ്ഞിട്ടെന്താ, ഗോളടിക്കാനുള്ള അമിതാവേശത്തില്‍ കൂടെ കളിക്കുന്നവരെ പോലും എംബാപ്പെ മറക്കുന്നുവെന്ന് വിമര്‍ശനം വീണ്ടുമുയരുകയാണ്. ഇന്നലത്തെ മാച്ചില്‍ തന്നെ നെയ്മറിന് പന്ത് പാസ് ചെയ്തിരുന്നെങ്കില്‍ ഒരു കിടിലന്‍ ഗോള്‍ കൂടി പി.എസ്.ജിയുടെ അക്കൗണ്ടിലിരുന്നേനെ.

എന്നാല്‍ നെയ്മറിന് പാസ് കൊടുക്കാതെ എംബാപ്പെ സ്വാര്‍ത്ഥത കാണിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

കളി തുടങ്ങി അഞ്ചാം മിനിറ്റിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടുന്നത്. 22ാം മിനിറ്റില്‍ അടുത്ത ഗോളും എംബാപ്പെ നേടി. നെയ്മറിന്റെയും അചരഫ് ഹക്കിമിയുടെയും അസിസ്റ്റിലായിരുന്നു ഈ ഗോളുകള്‍. 55ാം മിനിറ്റില്‍ വെസ്റ്റേണ്‍ മെക്കനിയാണ് യുവന്റസിന് വേണ്ടി പി.എസ്.ജിയുടെ വല കുലുക്കിയത്.

51ാം മിനിറ്റില്‍ അടുത്ത ഗോളിന് വേണ്ടി മെസി നടത്തിയ ശ്രമമാണ് എംബാപ്പെയുടെ നീക്കത്തില്‍ നഷ്ടമായത്. യുവന്റസ് കളിക്കാരെയൊക്കെ നിഷ്പ്രഭരാക്കിക്കൊണ്ട് പന്തുമായി പാഞ്ഞ മെസി എംബാപ്പെക്ക് പാസ് ചെയ്തു. ഇടതുവശത്ത് നിന്നും ഓടിയെത്തിയ നെയ്മറെ മാര്‍ക്ക് ചെയ്യാതെ എംബാപ്പെ പോസ്റ്റിലേക്ക് പന്ത് പായിച്ചതും അത് പാഴായതുമാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

എംബാപ്പെ നെയ്മറിന് പാസ് ചെയ്തിരുന്നെങ്കില്‍ അതൊരു ഷുവര്‍ ഗോളായിരുന്നേനെ എന്നാണ് ഇവരുടെ പക്ഷം. ഗോളിനോട് വല്ലാത്തൊരു ആര്‍ത്തിയാണ് എംബാപ്പെക്കെന്നും അതുകൊണ്ട് ഒരുപക്ഷെ നെയ്മറിനെ കണ്ടുകാണില്ലെന്നുമാണ് പി.എസ്.ജി മാനേജര്‍ ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍ ഇതേകുറിച്ച് പ്രതികരിച്ചത്.

എന്നാല്‍, താന്‍ മാത്രമേ ഗോളടിക്കാവൂ എന്ന എംബാപ്പെയുടെ സ്വാര്‍ത്ഥതയും നെയ്മറോടും മെസിയോടുമുള്ള അസൂയയുമാണ് ഇതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.

നെയ്മര്‍-മെസി-എംബാപ്പെ എന്ന പി.എസ്.ജിയുടെ സ്റ്റാര്‍ ത്രയത്തില്‍ നിന്നും വീണ്ടുമൊരു ഗോള്‍ കാണാനുള്ള അവസരമാണ് എംബാപ്പെ പാഴാക്കിയതെന്ന നിരാശയും ആരാധകര്‍ക്കുണ്ട്.

‘എംബാപ്പെയോ പോലെ ഇത്രയും സെല്‍ഫിഷായ ഒരു കളിക്കാരനെ കണ്ടിട്ടേയില്ല. ഇവന്‍ ഇത് ഇങ്ങനെ തന്നെ തുടരാനാണ് ഭാവമെങ്കില്‍ ടീം മേറ്റ്‌സ് മുഴുവന്‍ ഇവനെ വെറുക്കും,’ ഒരു ട്വീറ്റില്‍ പറയുന്നു.

നെയ്മറിന് അവകാശപ്പെട്ട ഗോളായിരുന്നു അതെന്നും നെയ്മറിന്റെ പരിശ്രമം മുഴുവന്‍ വെള്ളത്തിലാക്കിയതിന് എംബാപ്പെ മാപ്പ് പറഞ്ഞേ തീരുവെന്നാണ് മറ്റ് പലര്‍ക്കും പറയാനുള്ളത്.

ഫുട്‌ബോളിലെ ഏറ്റവും മികച്ച നിമിഷങ്ങളാണ് എംബാപ്പെ കാരണം നഷ്ടമാകുന്നതെന്നാണ് ചിലര്‍ പറയുന്നത്. എംബാപ്പെയുടെ കളി ഇഷ്ടമാണെങ്കിലും ഈ രീതിയില്‍ കളിക്കളത്തില്‍ പെരുമാറുന്നത് വിഷമിക്കുകയാണെന്ന് പറയുന്നവരുമുണ്ട്.

നെയ്മര്‍ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യമെന്ന നിലയിലേക്ക് വരെ ചില ട്വീറ്റുകളും കമന്റുകളും എത്തിയിട്ടുണ്ട്.

എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ലെന്നും ചില അസ്വാരസ്യങ്ങളുണ്ടെന്നും നിരവധി റിപ്പോര്‍ട്ടുകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ നടക്കുമ്പോള്‍ നെയ്മറെ ക്ലബില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം എംബാപ്പെ നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ ലീഗ് വണ്ണില്‍ എം.എസ്. മൊണാക്കോയുമായി നടന്ന കളിയിലും എംബാപ്പക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ മത്സരത്തില്‍ എംബാപെ ബോക്സിന് വെളിയില്‍ നിന്നും കിക്കെടുത്തതാണ് മെസി ആരാധകരെ ചൊടിപ്പിച്ചത്. മെസി ബോക്സിനകത്ത് ഫ്രീയായിട്ട് നില്‍ക്കുമ്പോള്‍ അങ്ങനെ ചെയ്തത് മോശമായിപ്പോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്. സമാനമായ വിമര്‍ശനമാണ് ഇപ്പോള്‍ നെയ്മറിന് പാസ് കൊടുക്കാത്തപ്പോഴും ഉയരുന്നത്.

Content Highlight: Fans say Mbappe should apologise to Neymar for not giving him that pass in PSG- Juventus match