ചെന്നൈ നിരയില്‍ സൂപ്പര്‍ താരം ശിവം ദുബെയുടെ ഇന്നിങ്‌സാണ് സൂപ്പര്‍ കിങ്‌സിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 34 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സാണ് താരം നേടിയത്. കോണ്‍വേ 258 പന്തില്‍ നിന്നും 30ഉം ജഡേജ 24 പന്തില്‍ നിന്നും 20 റണ്‍സും കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ശേഷം ഗ്രാഫ് കുത്തനെ ഇടിയുകയും ചെയ്ത അജിന്‍ക്യ രഹാനെക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒരു ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 11 പന്തില്‍ നിന്നും 16 റണ്‍സാണ് താരം സ്വന്തമാക്കിയത്.
16 (11), 21 (20), 20 (17), 15 (13) എന്നിങ്ങനെയാണ് അവസാനം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം. ഏപ്രില്‍ 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരിയാണ് രഹാനെ അവസാനം മികച്ച പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ 29 പന്തില്‍ നിന്നും പുറത്താകാതെ 71 റണ്‍സാണ് താരം നേടിയത്.
താരത്തിന്റെ മോശം പ്രകടനത്തില്‍ ആരാധകകരും അത്രകണ്ട് തൃപ്തരല്ല. ഏപ്രില്‍ 25ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന്റെ പ്രകടനം താഴേക്കാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഏറെ കാലത്തിന് ശേഷമാണ് രഹാനെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. WTC ഫൈനലിനുള്ള സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ വേണ്ടിയായിരുന്നു രഹാനെ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നും എന്നാല്‍ അത് നേടിക്കഴിഞ്ഞപ്പോള്‍ താരത്തിന്റെ പ്രകടനം മോശമാവുകയുമാണെന്നുമാണ് ആരാധകര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
വരും മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആ ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത താരത്തിനുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്, ഓവലില്‍ വെച്ച നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.