ഐ.സി.സി വേള്‍ഡ് കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തിന് തിരികൊളുത്താന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ അവസാനക്കാരായി സെമിയില്‍ പ്രവേശിച്ച ന്യൂസിലാന്‍ഡിനെ നേരിടും.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ സെമി ഫൈനല്‍ മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം നേടാന്‍ കിവികളും സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയും ഇറങ്ങുമ്പോള്‍ മത്സരം തീ പാറും.
മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ആരാധകരുടെ മനസിലേക്ക് 2019 ലോകകപ്പിലെ ഇന്ത്യ – ന്യൂസിലാന്‍ഡ് സെമിയുടെ ഓര്‍മകളും അലയടിച്ചെത്തുന്നുണ്ട്. ധോണിയുടെ റണ്‍ ഔട്ടും ഇന്ത്യയുടെ പരാജയവും ഒരു ഇന്ത്യന്‍ ആരാധകനും മറക്കാനിടയില്ല.
എന്നാല്‍ ഇതിന് 11 വര്‍ഷം മുമ്പ് നടന്ന മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ മത്സരവും ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നുണ്ട്. ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ സെമി പോരാട്ടമായിരുന്നു അത്. മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് വിരാട് കോഹ്‌ലിയും കിവികളെ നയിച്ചത് കെയ്ന്‍ വില്യംസണുമായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഫ്രേയ്‌സര്‍ കോള്‍സനും ചേര്‍ന്ന് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന് അടിത്തറയിട്ടു.
ആറാം നമ്പറിലിറങ്ങിയ കോറി ആന്‍ഡേഴ്‌സണിന്റെ അര്‍ധ സെഞ്ച്വറി ന്യൂസിലാന്‍ഡിനെ കരകയറ്റി. 67 പന്തില്‍ 70 റണ്‍സായിരുന്നു ആന്‍ഡേഴ്‌സണ്‍ നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് കിവികള്‍ 205 റണ്‍സ് നേടി.
ഇന്ത്യക്കായി വിരാട് കോഹ്‌ലി, തന്‍മയ് ശ്രീവാസ്തവ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജിതേഷ് അര്‍ഗാളും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി.
മത്സരം മഴ തടസ്സപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 43 ഓവറില്‍ 191 റണ്‍സായി പുനര്‍നിര്‍ണയിച്ചിരുന്നു. ശ്രീവത്സ് ഗോസ്വാമിയുടെ അര്‍ധ സെഞ്ച്വറിയും വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സും ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 43 റണ്‍സ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വിരാടായിരുന്നു കളിയിലെ താരം.
ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യ തങ്ങളുടെ രണ്ടാം അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചു. ഇതിന് മുമ്പ് മുഹമ്മദ് കൈഫിലൂടെയായിരുന്നു ഇന്ത്യ U19 ചാമ്പ്യന്‍മാരായത്.
അന്നത്തെ യുവതാരങ്ങളില്‍ രണ്ട് പേര്‍ ഇന്നും ഇന്ത്യന്‍ ടീമിലുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും. കിവീസ് നിരയിലാകട്ടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരും 2023 ലോകകപ്പിലെ സെമി ഫൈനല്‍ കളിക്കുന്നുണ്ട്.