കാലം മാറുന്നു, ക്യാപ്റ്റന്‍മാര്‍ മാറുന്നു, ഫോര്‍മാറ്റ് മാറുന്നു, എന്നാല്‍ സഞ്ജുവിനെ തഴയുന്നത് മാത്രം മാറുന്നില്ല; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം
Sports News
കാലം മാറുന്നു, ക്യാപ്റ്റന്‍മാര്‍ മാറുന്നു, ഫോര്‍മാറ്റ് മാറുന്നു, എന്നാല്‍ സഞ്ജുവിനെ തഴയുന്നത് മാത്രം മാറുന്നില്ല; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th November 2022, 6:59 pm

ഞായറാഴ്ച നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ടി-20 മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങിയത്.

മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നെങ്കിലും ടീം സെലക്ഷനില്‍ ആരാധകര്‍ ഒട്ടും ഹാപ്പിയായിരുന്നില്ല. സഞ്ജു സാംസണ് അവസരം നല്‍കാത്തതായിരുന്നു ആരാധകരെ ഏറെ നിരാശരാക്കിയത്.

ഓപ്പണറുടെ റോളിലാണ് ഇന്ത്യ പന്തിനെ പരീക്ഷിച്ചത്. ശ്രേയസ് അയ്യരും ദീപക് ഹൂഡയും മിഡില്‍ ഓര്‍ഡറിലും ഇറങ്ങിയിരുന്നു.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു സഞ്ജു സാംസണ്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടി-20 പരമ്പരയില്‍ വിക്കറ്റിന് പിറകിലെ സഞ്ജുവിന്റെ പ്രകടനമായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

ഇതിന് പുറമെ ബാറ്റിങ്ങിലും താരം മികവ് പുലര്‍ത്തിയിരുന്നു. വിന്‍ഡീസ് പര്യടനത്തിന് ശേഷം പ്രഖ്യാപിച്ച ഏഷ്യാ കപ്പ് സ്‌ക്വാഡിലോ ലോകകപ്പ് സ്‌ക്വാഡിലോ സഞ്ജുവിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

 

 

 

ലോകകപ്പിന് തൊട്ടു പിന്നാലെയെത്തിയ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെട്ടതോടെ ആരാധകര്‍ ഏറെ ആഹ്ലാദിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരം മഴ കൊണ്ടുപോവുകയും രണ്ടാം മത്സരത്തില്‍ സഞ്ജുവിനെ തഴയുകയും ചെയ്തതോടെ ആരാധകരൊന്നാകെ നിരാശരായിരിക്കുകയാണ്, ആ നിരാശ അവര്‍ പരസ്യമായി തന്നെ പ്രകടമാക്കുന്നുമുണ്ട്.

സഞ്ജുവിനെ മറികടന്ന് ദീപക് ഹൂഡ എങ്ങനെ ടീമിലെത്തിയെന്നും റിഷബ് പന്തിന് പകരം സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പറുടെ റോളില്‍ എത്തേണ്ടിയിരുന്നത് എന്നും ആരാധകര്‍ പറയുന്നു. കാലം മാറി, ക്യാപ്റ്റന്‍ മാറി, ഫോര്‍മാറ്റ് മാറി എന്നാലും സഞ്ജുവിനോടുള്ള അവഗണനക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നും ആരാധകര്‍ പറയുന്നു.

 

അതേസമയം, രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സായിരുന്നു നേടിയത്.

192 റണ്‍സ് വിജയലക്ഷ്യമാക്കിയിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലന്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

കിവീസിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 52 പന്തില്‍ നിന്നും 61 റണ്‍സ് നേടിയിരുന്നു. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതോടെ ന്യൂസിലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.5 ഓവറില്‍ 126 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.

രണ്ടാം മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു. നവംബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. മക്ലെറന്‍ പാര്‍ക്കാണ് വേദി.

 

 

Content highlight: Fans reacts to the omission of Sanju Samson in India vs New Zealand 2nd T20