ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് പരിക്ക് കാരണം ലോകകപ്പില്‍ കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാതെ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ടീമിനെ തേടി നിര്‍ഭാഗ്യകരമായ വാര്‍ത്ത വന്നത്.
പുറം വേദനയെ തുടര്‍ന്നാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ഇതോടെ ആദ്യ ടി-20യില്‍ ബുംറക്ക് കളിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നത്.
നിലവില്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.
ഓപ്പണിങ് സ്പെല്ലിലും ഡെത്ത് സ്പെല്ലിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ബുംറക്ക് പകരം ആളെ കണ്ടെത്തുക എന്നുള്ളത് ചെറിയ കാര്യമല്ല. ടൈറ്റ് മത്സരങ്ങളെ ഒറ്റ ഓവറില്‍ തിരിച്ചുവിടാന്‍ സാധിക്കുന്ന താരമാണ് ബുംറ.
ബുംറക്ക് പകരം ആരും ആകില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അദ്ദേഹത്തിന് പകരം മുഹമ്മദ് സിറാജിനയാണ് കളിക്കാന്‍ ഇറക്കുന്നത് എന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. മുഹമ്മദ് ഷമി റിസേര്‍വ് പ്ലെയ്‌ഴ്‌സില്‍ ഉണ്ടായിട്ടും ഇന്ത്യ പുറത്തുള്ള സിറാജിന് അവസരം നല്‍കുകയായിരുന്നു.
എന്നാല്‍ ഇത് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. ഷമിയുള്ളപ്പോള്‍ സിറാജ് എങ്ങനെയാണ് അദ്ദേഹത്തിന് മുകളില്‍ വന്നത് എന്ന് ആരാധകര്‍ ബി.സി.സി.ഐയോട് ചോദിക്കുന്നു.
ബി.സി.സിഐയുടെ പ്ലാന്‍ ഒക്കെ എവിടെയെന്നും ചോദിക്കുന്നവരുണ്ട്. എന്നാല്‍ സിറാജിനെ പിന്തുണക്കുന്നവരും കുറച്ചല്ല. ഇന്ത്യക്ക് അഗ്രസീവ് ബൗളര്‍മാരെ ആവശ്യമാണെന്നും സിറാജിന് അതാകാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.