| Tuesday, 6th June 2023, 4:39 pm

നായകന്‍ വീണ്ടും വരാര്‍? ലാ ലിഗയുടെ കൊളാഷിലെ പുതിയ ലോഗോയിലുള്ള ജേഴ്‌സിയണിഞ്ഞ കളിക്കാരനാര്? പ്രതീക്ഷയടക്കാനാകാതെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജി വിട്ട അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഭാവി തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് തന്നെ മെസി മടങ്ങും എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍.

മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മെസി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനൊരുങ്ങുകയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ബാഴ്‌സ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മെസിയുടെ പിതാവ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മെസി ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തനിക്കും മെസിയെ ബഴ്സലോണയില്‍ കാണണമെന്നുണ്ടെന്നുമായിരുന്നു ജോര്‍ജ് മെസി പറഞ്ഞിരുന്നത്. ബാഴ്സയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തങ്ങള്‍ കോണ്‍ഫിഡന്റാണെന്നും ഭാവി കാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ റിപ്പോര്‍ട്ടിന് പിന്നാലെ ‘കമിങ് സൂണ്‍’ എന്ന ക്യാപ്ഷനില്‍ ലാ ലിഗയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റുകളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു ജേഴ്‌സിയുടെ കൊളാഷിന്റെ ആദ്യ ഭാഗങ്ങളാണ് ലാ ലിഗ പുറത്തുവിട്ടിട്ടുള്ളത്. എട്ട് ചിത്രങ്ങള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ ഒരു കളിക്കാരന്റെ ഷോള്‍ഡറിന്റെ ഭാഗത്ത് ലാ ലിഗ എന്ന് എഴുതിയ നിലയിലാണുള്ളത്.


മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലുള്ളത് മെസിയാണെന്നും ആരാധകര്‍ പറയുന്നു. വീണ്ടും ബാഴ്‌സയിലെത്തുന്ന മെസിക്ക് ലാ ലിഗ നല്‍കുന്ന സ്വീകരണത്തിന്റെ ഒരു തുടക്കമാണിതെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു.

എന്നാല്‍ ഇപ്പോള്‍ വരുന്ന ചിത്രം മെസിയുടെതാണെന്ന് ഉറപ്പിക്കാവുന്ന സൂചനകളൊന്നും ലാ ലിഗ നല്‍കുന്നില്ല. ലാലിഗയുടെ പുതിയ ലോഗോ പരിചയപ്പെടുത്തുന്ന സൂചന മാത്രമാണിതെന്ന കമന്റുകളും വരുന്നുണ്ട്. എന്നാല്‍ ലോഗോ പൂര്‍ണമായും വെളിപ്പെട്ട എട്ടാമത്തെ ചിത്രം പുറത്തുവന്നിട്ടും കമിങ് സൂണ്‍ എന്ന ക്യാപ്ഷന്‍ ആരാധകരുടെ സര്‍പ്രൈസ് ഒട്ടും കുറക്കുന്നില്ല. വരും ദിവസങ്ങളില്‍ ഈ കൊളാഷിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവന്നിട്ട് ഇതെന്താണെന്ന് ഉറപ്പിക്കാനുള്ള ആകാംഷയിലാണ് ആരാധകര്‍.

മെസിയെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ലാ ലിഗ ബാഴ്സലോണയുടെ പദ്ധതി അംഗീകരിച്ചെന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയും ചില ആരാധകര്‍ കൊളാഷിന് താഴെ കമന്റിടുന്നുണ്ട്.

Content Content Highlight: Fans reaction messi is the player wearing the jersey in La Liga’s new logo collage?

Latest Stories

We use cookies to give you the best possible experience. Learn more