| Sunday, 13th November 2022, 7:22 pm

'പൂര്‍ണമായും ഫിറ്റല്ലാത്ത അഫ്രിദിയെ ടീമിലെടുത്തതാണ് പാകിസ്ഥാന് ലോകകപ്പ് നഷ്ടപ്പെടുത്തിയത്'

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് ഫൈനലിലെ ക്രൂഷ്യല്‍ മൊമെന്റുകളില്‍ ഒന്നായിരുന്നു പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിക്ക് പരിക്കേറ്റത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ പുറത്താക്കാനായെടുത്ത ക്യാച്ചില്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു.

പാകിസ്ഥാന്റെ കയ്യകലത്തില്‍ നിന്നും ലോകകപ്പ് തട്ടിമാറ്റിയ പരിക്കായിരുന്നു അത്. 2.1 ഓവര്‍ മാത്രമായിരുന്നു ഷഹീന്‍ എറിഞ്ഞത്. താനെറിഞ്ഞ 2.1 ഓവറില്‍ 13 റണ്‍സ് വഴങ്ങി അപകടകാരിയായ അലക്‌സ് ഹേല്‍സിന്റെ വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

മത്സരത്തിന്റെ 16ാം ഓവറില്‍ തന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയ ഷഹീനിന് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഒരു പന്ത് മാത്രം എറിഞ്ഞ് നില്‍ക്കവെ നേരത്തെ മുതല്‍ താരത്തെ വേട്ടയാടിക്കൊണ്ടിരുന്ന കാല്‍മുട്ടിനേറ്റ പരിക്ക് വീണ്ടും അദ്ദേഹത്തെ വലക്കുകയായിരുന്നു.

എന്നാല്‍ ഫൈനലില്‍ ഷഹീന് പരിക്കേറ്റതോടെ മത്സരത്തിന്റെ വിധി പോലും മാറിമറയുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.

ഇഫ്തിഖര്‍ അഹമ്മദാണ് ഓവറില്‍ ശേഷിക്കുന്ന അഞ്ച് പന്തുകള്‍ എറിഞ്ഞത്. ആ ഓവറില്‍ നിന്നും 13 റണ്‍സാണ് പിറന്നത്. തങ്ങള്‍ക്ക് അവശ്യമായിരുന്ന മൊമെന്റം നേടിയ ഇംഗ്ലണ്ട് അതില്‍ പിടിച്ചുകയറുകയും വിജയിക്കുകയുമായിരുന്നു.

മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരുടെ പ്രതികരണവും ചര്‍ച്ചയാവുന്നുണ്ട്. പല ആരാധകരും ഷഹീനിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ പലരും താരത്തെയും സെലക്ടര്‍മാരെയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

പൂര്‍ണ ആരോഗ്യവാനല്ലാതിരുന്നിട്ടും ഷഹീനിനെ ടീമിലെടുത്തതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഷഹീനിന് പരിക്കേറ്റത്.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് ഏഷ്യാ കപ്പും നഷ്ടമായിരുന്നു. വിശ്രമ കാലയളവിന് ശേഷവും താരത്തിന് പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.

പൂര്‍ണമായും ഫിറ്റല്ലാത്ത ഷഹീനിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തരുതെന്നും പാകിസ്ഥാന്റെ ലോകകപ്പ് വിജയത്തേക്കാള്‍ ഷഹീനിന്റെ കരിയറിന് പ്രാധാന്യം നല്‍കണമെന്നും പല മുന്‍ താരങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ പാടുപെട്ട ഷഹീന്‍ അന്ന് വ്യാപക വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

ഷഹീന്‍ എന്ന ബൗളറുടെ പരിക്കാണ് പാകിസ്ഥാന് ലോകകപ്പ് നഷ്ടപ്പെടുത്തിയതെങ്കില്‍ മറ്റൊരു ബൗളറുടെ പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത്.

നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.

താനെറിഞ്ഞ 24 പന്തില്‍ 15 എണ്ണവും ഡോട്ട് ബോളെറിഞ്ഞാണ് സാം കറന്‍ പാകിസ്ഥാനെ വരിഞ്ഞുമുറുക്കിയത്. മുഹമ്മദ് റിസ്വാന്‍, ഷാന്‍ മസൂദ്, മുഹമ്മദ് നവാസ് എന്നിവരാണ് കറന്റെ പേസിന്റെ ചൂടറിഞ്ഞത്.

കറന്‍ തന്നെയായിരുന്നു ഫൈനലിലെ താരം. ടൂര്‍ണമെന്റിന്റെ താരവും സാം കറന്‍ തന്നെ.

Content Highlight: Fans reaction after Shahen Afridi’s injury

We use cookies to give you the best possible experience. Learn more