| Thursday, 10th November 2022, 9:03 pm

അവനുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ജയിച്ചേനേ! ഓസ്‌ട്രേലിയയിലെ സ്ഥലങ്ങള്‍ അവന്‍ കാണാത്തതൊന്നുമല്ലല്ലോ? ഒരു മത്സരം പോലും കളിക്കാതെ മടങ്ങി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായിരിക്കുകയാണ് ഇന്ത്യന്‍ ടീം. 2007 ആവര്‍ത്തിക്കുമെന്നും കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച് രണ്ടാം കിരീടം ഉയര്‍ത്തുമെന്നും കരുതിയ ആരാധകരുടെ നെഞ്ചില്‍ ഇടിത്തീയായാണ് ജോസ് ബട്‌ലറും അലക്‌സ് ഹേല്‍സും പെയ്തിറങ്ങിയത്.

ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ മുന്നില്‍ ഇന്ത്യന്‍ ടീം അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയായിരുന്നു അഡ്‌ലെയ്ഡിലേത്. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍മാരെ ഒന്നൊഴിയാതെ തല്ലിയൊതുക്കിയ ബട്‌ലറും ഹേല്‍സും ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളുമായിരുന്നു തല്ലിക്കെടുത്തിയത്.

മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് സമ്പൂര്‍ണ പരാജയമായിരുന്നു. പേസാക്രമണത്തിന് ചുക്കാന്‍ പിടിച്ച ഷമിയും ഭുവിയും ഹര്‍ദിക്കും അര്‍ഷ്ദീപും അടിവാങ്ങിക്കൂട്ടിയപ്പോള്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിലെ അശ്വിനും അക്‌സറും റണ്‍വിട്ടുനല്‍കുന്നതില്‍ ഒട്ടും പിശുക്കുകാണിച്ചില്ല.

ഈ അവസരത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ടീമില്‍ വരുത്തേണ്ട സുപ്രധാന മാറ്റത്തെ കുറിച്ചായിരുന്നു ആകാശ് ചോപ്ര പറഞ്ഞിരുന്നത്.

സെമി ഫൈനലില്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് എന്ന കടമ്പ കടക്കണമെങ്കില്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ചോപ്ര പറഞ്ഞിരുന്നത്.

ഇതുവരെയുള്ള എല്ലാ മത്സരത്തിലും ബെഞ്ചിലിരുന്ന യൂസ്വേന്ദ്ര ചഹലിനെയാണ് സെമിയില്‍ ഇന്ത്യക്കാവശ്യം എന്നായിരുന്നു ചോപ്ര പറഞ്ഞത്. ഒപ്പം രോഹിത് ശര്‍മയുടെ മോശം ഫോമിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

സെമിയില്‍ ഈ രണ്ട് ഘടകങ്ങളും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ആരാധകരും ചഹലിനെ ഉള്‍പ്പെടുത്താത്തതില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. വെറുതെ ഒരു വാട്ടര്‍ ബോയ് ആക്കാനും ഓസ്‌ട്രേലിയയിലെ സ്ഥലം ചുറ്റിക്കാണിക്കാനുമാണോ ചഹലിനെ ടീമിലെടുത്തതെന്നും ചഹല്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു എന്നും ആരാധകര്‍ പറയുന്നു.

ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിന് ശേഷവും രാജസ്ഥാന്‍ റോയല്‍സിന്റെ ഏയ്‌സായ ഈ ലെഗ് സ്പിന്നറെ ഇന്ത്യ ഒറ്റ മത്സരത്തില്‍ പോലും പരീക്ഷിച്ചിരുന്നില്ല.

അകസ്‌റും അശ്വിനും പരാജയമാകുമ്പോഴും റണ്‍സ് വഴങ്ങുമ്പോഴുമൊന്നും ചഹല്‍ കോച്ച് ദ്രാവിഡിന്റെയോ രോഹിത് ശര്‍മയുടെയോ പരിഗണനയില്‍ പോലും ഉണ്ടായിരുന്നില്ല എന്നതിന് തെളിവായിരുന്നു ലോകകപ്പില്‍ ചഹലിന് ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്നത്.

Content highlight: Fans reacted to Yuzvendra Chahal’s omission in the semi-final match

We use cookies to give you the best possible experience. Learn more