| Thursday, 15th June 2023, 12:32 pm

'രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കാനാണോ വിരാട് ആവശ്യപ്പെടുന്നത്?'

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ 209 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വി വഴങ്ങേണ്ടി വന്നതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കെതിരെ ആരാധകര്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയത്.

എന്നാല്‍ ഈ തോല്‍വിയിലും രോഹിത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിച്ചത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് നിലവില്‍ സംശങ്ങളോ തര്‍ക്കമോ ഇല്ലെന്നും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം മാത്രമേ അതേകുറിച്ചുള്ള ചര്‍ച്ചകളുണ്ടാകൂ എന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ അവസാനിക്കുക 2025ലായിരിക്കും. അപ്പോഴേക്കും രോഹിത് ശര്‍മക്ക് 38 വയസോളമാകും. അതിനാല്‍ വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് വര്‍ഷക്കാലയളവില്‍ ക്യാപ്റ്റന്റെ റോളില്‍ രോഹിത് ശര്‍മ തന്നെ പൂര്‍ണമായും ഉണ്ടാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം രോഹിത്തിന്റെ ഫോമിനെ കുറിച്ച് ചീഫ് സെലക്ടര്‍ ശിവ്സുന്ദര്‍ ദാസും മറ്റ് സെലക്ടര്‍മാരും തമ്മില്‍ ചര്‍ച്ചയുണ്ടായേക്കും. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഡിസംബര്‍ വരെ ടെസ്റ്റ് പരമ്പരകളൊന്നും തന്നെ ഇന്ത്യക്ക് കളിക്കാനില്ല.

ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് പിന്നീടുള്ളത്. അതിനാല്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ശരിയായ തീരുമാനം എടുക്കാനുള്ള സമയമുണ്ട്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബി.സി.സി.ഐയുടെ ഈ തീരുമാനത്തിലും ആരാധകര്‍ക്ക് അതൃപ്തിയുണ്ട്.

ഈ പശ്ചാത്തലത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. എഴുത്തുകാരനായ അലന്‍ വാട്‌സിന്റെ രണ്ട് വരിയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുടെ രൂപത്തില്‍ താരം പങ്കുവെച്ചത്.

‘മാറ്റത്തെ കുറിച്ച് മനസിലാക്കാനുള്ള ഒരേയൊരു മാര്‍ഗം അതിലേക്ക് ഊളിയിടുക, അതിനൊപ്പം നീങ്ങുക,’ എന്നര്‍ത്ഥം വരുന്ന വരികളാണ് താരം പങ്കുവെച്ചത്.

വിരാടിന്റെ ഈ പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. വിരാട് കോഹ്‌ലി പലതും പറയാതെ പറയാന്‍ ശ്രമിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത് ശര്‍മയെയും രാഹുല്‍ ദ്രാവിഡിനെയും തത്സ്ഥാനത്ത് നിന്നും മാറ്റാനാണ് വിരാട് ആവശ്യപ്പെടുന്നതെന്നും വിരാടിന് പൃഥ്വി ഷായുടെ ബാധ കൂടിയോ എന്നുമെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഇതാദ്യമായല്ല വിരാട് ഇത്തരത്തില്‍ ഒരു കാര്യം പറയാതെ പറയാന്‍ ശ്രമിക്കുന്നത് എന്നതിനാല്‍ തന്നെ വലിയ എന്തോ വരാന്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlight: Fans reacted after Virat Kohli’s Instagram story

We use cookies to give you the best possible experience. Learn more