| Tuesday, 20th June 2023, 6:42 pm

'അവന്റെ സ്ഥാനം ജയിലില്‍ തന്നെയാണ്, കിടക്കട്ടെ 18 മാസം അവിടെ'; സൂപ്പര്‍ താരത്തിനെതിരെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കസിന്‍ കുത്തിയ കേസില്‍ ഡച്ച് സൂപ്പര്‍ താരം ക്യുന്‍സ് പ്രോമെസിന് 18 മാസം ജയില്‍ശിക്ഷ വിധിച്ച് കോടതി. ആംസ്റ്റര്‍ഡാം ഡിസ്ട്രിക്ട് കോടതിയാണ് താരത്തിനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്.

ജൂലൈ 2020നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫാമിലി പാര്‍ട്ടിയില്‍ വെച്ച് പ്രോമെസ് തന്റെ കസിന്റെ കാലില്‍ കുത്തിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്.

‘കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നയാള്‍ ഒരു പ്രോഫഷണല്‍ ഫുട്‌ബോളറും ഡച്ച് സെലിബ്രിറ്റിയുമാണ്. മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കേണ്ടയാളാണ് ഇയാള്‍,’ ശിക്ഷ വിധിച്ചുകൊണ്ട് ആംസ്റ്റര്‍ഡാം ഡിസ്ട്രിക്ട് കോടതി പ്രസ്താവിച്ചതായി സ്‌പോര്‍ട്‌സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഷണല്‍ ടീം ഹീറോ ആണെങ്കിലും പ്രോമെസിന്റെ പ്രവര്‍ത്തി ആരാധകരില്‍ക്കിടയില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. താരത്തിനെതിരായ വിധിയില്‍ ആരാധകര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

18 മാസത്തെ ജയില്‍ ശിക്ഷ വളരെ കുറഞ്ഞുപോയെന്നും ജീവിതാവസാനം വരെ അവന്‍ ജയിലില്‍ കിടക്കട്ടെ എന്ന് ഒരു ആരാധകര്‍ ട്വിറ്റര്‍ ഹാന്‍ലിലില്‍ കുറിച്ചപ്പോള്‍ അവന്റെ സ്ഥാനം ജയിലില്‍ തന്നെ ആണെന്നായിരുന്നു മറ്റൊരു ആരാധകര്‍ കുറിച്ചത്.

സമാനമായി നിരവധി പ്രതികരണങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

നിലവില്‍ റഷ്യന്‍ ക്ലബ്ബായ സ്പാര്‍ടക് മോസ്‌കോക്ക് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്. 2020 മുതല്‍ പ്രോമെസ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടി കളിച്ച 37 മത്സരത്തില്‍ നിന്നും 25 ഗോളും പത്ത് അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്.

2020 മുതല്‍ റഷ്യന്‍ ക്ലബ്ബിനായി 214 മത്സരം കളിച്ച ഈ ഡച്ച് ഇന്റര്‍നാഷണല്‍ 106 ഗോള്‍ നേടുകയും 51 ഗോള്‍ അവസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യന്‍ ക്ലബ്ബിലെത്തും മുമ്പ് സ്പാനിഷ് വമ്പന്‍മാരായ സെവിയക്കൊപ്പവും അയാക്‌സ് ആംസ്റ്റര്‍ഡാമിനൊപ്പവും താരം കളത്തിലിറങ്ങിയിട്ടുണ്ട്.

ദേശീയ ടീമിന് വേണ്ടി 50 മത്സരത്തിലാണ് പ്രോമെസ് കളത്തിലിറങ്ങിയത്. യൂറോ 2020 ചാമ്പ്യന്‍ഷിപ്പിലും ടീമിന്റെ ഭാഗമായ താരം ഏഴ് തവണ ഗോള്‍ നേടിയിട്ടുണ്ട്. കേസിനാസ്പദമായ സംഭവത്തിന് ശേഷം 2021ലും താരം ടീമിന്റെ ഭാഗമായിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ഓറഞ്ച് ജേഴ്‌സിയില്‍ ഒറ്റ അവസരം പോലും ലഭിച്ചിരുന്നില്ല.

Content Highlight: Fans react as Dutch international Quincy Promes gets 18 months in prison for stabbing his cousin

Latest Stories

We use cookies to give you the best possible experience. Learn more