യുവേഫ നേഷന്‍സ് ലീഗിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇറ്റലിയെ പരാജയപ്പെടുത്തി സ്‌പെയ്ന്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്‌പെയന്‍ അസൂറികളെ മറികടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയാണ് മുന്‍ ലോകചാമ്പ്യന്‍മാരുടെ എതിരാളികള്‍.
മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ സ്‌പെയ്ന്‍ ലീഡ് നേടിയിരുന്നു. ഇറ്റലി ക്യാപ്റ്റന്‍ ലിയാനാര്‍ഡോ ബൊണൂച്ചിയുടെ പിഴവില്‍ നിന്നും ലഭിച്ച അവസരം യെരമി പിനോ ഗോളാക്കി മാറ്റുകയായിരുന്നു.
ഗോള്‍ വഴങ്ങേണ്ടി വന്നതിന് ശേഷം എട്ടാം മിനിട്ടില്‍ തന്നെ അസൂറികള്‍ തിരിച്ചടിച്ചു. പെനാല്‍ട്ടി ബോക്‌സിലെ ഹാന്‍ഡ് ബോളില്‍ നിന്നും ലഭിച്ച പെനാല്‍ട്ടി സിറോ ഇമൊബൈല്‍ ഗോളാക്കി മാറ്റുകയായിരുന്നു.
ആദ്യ ഗോള്‍ വീണ് പത്ത് മിനിട്ടിന് ശേഷം അസൂറികള്‍ ഒരിക്കല്‍ക്കൂടി സ്പാനിഷ് വലകുലുക്കിയെങ്കിലും വാറില്‍ ഓഫ് സൈഡെന്ന് വിധിയെഴുതിയതോടെ ആ ഗോള്‍ തിരിച്ചെടുക്കപ്പെട്ടു.
തുടര്‍ന്ന് ഗോള്‍ മടക്കാന്‍ ഇരുടീമും കിണഞ്ഞുശ്രമിച്ചിരുന്നു. ഇരു ടീമിന്റെയും ഗോള്‍ മുഖം നിരന്തര ആക്രമഭീഷണിയിലായിരുന്നെങ്കിലും ഗോള്‍ കീപ്പര്‍മാരുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും ഇരു ടീമിനെയും അകറ്റി നിര്‍ത്തി.
ഒടുവില്‍ മത്സരത്തിന്റെ 88ാം മിനിട്ടില്‍ ജോസെലു നേടിയ ഗോളിലൂടെ സ്‌പെയ്ന്‍ വിജയം പിടിച്ചടക്കുകയായിരുന്നു. റോഡ്രിയുടെ ഷോട്ട് രണ്ട് ഇറ്റാലിയന്‍ താരങ്ങളുടെ ദേഹത്ത് തട്ടി ഡിഫ്‌ളക്ട് ചെയ്ത് ജോസെലുവിന്റെ കാലിലെത്തുകയായിരുന്നു. അത് കൃത്യമായി വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ ജോസെലുവിനുണ്ടായിരുന്നുള്ളൂ.
സ്‌പെയ്‌നിന്റെ ഈ വിജയത്തിനൊപ്പം റോഡ്രിയടക്കമുള്ള താരങ്ങളുടെ പ്രകടനത്തിലും ആരാധകർ ഹാപ്പിയാണ്. ഇത്തവണത്ത ബാലണ്‍ ഡി ഓര്‍ റോഡ്രിക്ക് നല്‍കണമെന്ന് ഒരു ആരാധകര്‍ കുറിച്ചപ്പോള്‍, തോറ്റുപോയ ഇറ്റലിയെ നോക്കി നമുക്ക് ചിരിക്കാം എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
ഞായറാഴ്ചയാണ് നേഷന്‍സ് ലീഗിന്റെ ഫൈനല്‍. നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ചെത്തിയ ക്രൊയേഷ്യയാണ് സ്‌പെയ്‌നിന്റെ എതിരാളികള്‍.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യ വിജയിച്ചുകയറിയത്. നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരുടീമും രണ്ട് ഗോള്‍ വീതമടിച്ച് സമനില പാലിച്ചപ്പോള്‍ എക്‌സ്ട്രാ ടൈമിലാണ് ക്രൊയേഷ്യയുടെ വിജയ ഗോളുകള്‍ പിറന്നത്.
Content Highlight: Fans react after Spain defats Italy in UEFA Nations League