എംബാപ്പെക്ക് ഇതെന്തുപറ്റി? ആരാധകര്‍ ആശങ്കയില്‍
Football
എംബാപ്പെക്ക് ഇതെന്തുപറ്റി? ആരാധകര്‍ ആശങ്കയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th October 2023, 12:58 pm

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. റെന്നെസുമായി നടന്ന ഏറ്റുമുട്ടലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. പി.എസ്.ജിക്കായി വിറ്റിന, അഷ്‌റഫ് ഹക്കീമി, റണ്ടാല്‍ കോലോ മുവാനി എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടിയപ്പോള്‍ അമിന്‍ ഗുയുരിയാണ് റെന്നെസിനായ ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സീസണില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ എംബാപ്പെ മോശം പ്രകടനമാണ് കാഴ്ചവെച്ചത് എന്നതും ശ്രദ്ധേയമാണ്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ എംബാപ്പെക്ക് പഴയ നിലവാരത്തിലേക്കുയരാന്‍ സാധിച്ചില്ല. കളത്തില്‍ താരത്തെ സന്തുഷ്ടനല്ലാതെ കണ്ടതോടെ എംബാപ്പെക്ക് എന്ത് പറ്റിയെന്ന ആരാധകരുടെ ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. താരത്തിന്റെ മോശം പ്രകടനത്തെ ചൊല്ലി വിമര്‍ശിക്കുന്നവരും കുറവല്ല.

പി.എസ്.ജിയില്‍ തുടരാന്‍ എംബാപ്പെക്ക് താല്‍പര്യമില്ലെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ ഇഷ്ട ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

എംബാപ്പെയെ ക്ലബ്ബിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് കഴിഞ്ഞ രണ്ട് സീസണുകളായി രംഗത്തുണ്ട്. എംബാപ്പെക്ക് ഈ സീസണില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ചേരാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും പി.എസ്.ജി താരത്തെ വിട്ടുനല്‍കാന്‍ ഒരുക്കമായിരുന്നില്ല. പാരീസിയന്‍സുമായി 2024 വരെയാണ് എംബാപ്പെക്ക് കരാറുള്ളത്. കരാര്‍ അവസാനിക്കാതെ താരത്തെ ഫ്രീ ഏജന്റായ അയക്കാന്‍ പി.എസ്.ജി ഒരുക്കമായിരുന്നില്ല.

എംബാപ്പെയുടെ ആവശ്യം ശക്തമായപ്പോള്‍ താരത്തെ വിട്ടയക്കാന്‍ 250 ദശലക്ഷം യൂറോ പി.എസ്.ജി റയല്‍ മാഡ്രിഡിനോട് ആവശ്യപ്പെടുകയായിരുന്നു. കരാര്‍ സംബന്ധിച്ച് തടസങ്ങള്‍ നേരിട്ടതിനാല്‍ ഒരു വര്‍ഷത്തേക്ക് കൂടി പി.എസ്.ജിയില്‍ തുടരാന്‍ എംബാപ്പെ നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ കരാര്‍ അവസാനിച്ചതിന് ശേഷവും എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി താരത്തിന്റെ വേതനത്തില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി എന്ത് സൗകര്യവും ഒരുക്കാന്‍ തയ്യാറാണെന്നാണ് ഡിഫന്‍സ സെന്‍ട്രല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, എംബാപ്പെക്കായി 120 മില്യണ്‍ യൂറോ മുടക്കാന്‍ റയല്‍ ഡയറക്ടര്‍ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത സീസണിനൊടുവില്‍ എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമെന്നതിനാല്‍ 120 മില്യണ്‍ യൂറോക്ക് തന്നെ എംബാപ്പെയെ നല്‍കാന്‍ പി.എസ്.ജി നിര്‍ബന്ധിതരാകുമെന്നാണ് റയലിന്റെ കണക്കുകൂട്ടല്‍.

Content Highlights: Fans question Kylian Mbappe’s performance in recent matches