ഹോങ്കോങ് ഇലവനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മയാമി ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വിജയിച്ചത്. പക്ഷെ മയാമി സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി മത്സരത്തില്‍ പങ്കെടുത്തില്ലായിരുന്നു. സൈഡ് ബെഞ്ചില്‍ ഇരുന്ന താരം ഹാഫ് ടൈമില്‍ പോലും ഇറങ്ങിയില്ല.
എന്നാല്‍ മെസി കളത്തിലിറങ്ങുന്നത് കാണാനെത്തിയ 40000 വരുന്ന കാണികള്‍ താരത്തിനെതിരെ കൂവി ആര്‍ക്കുകയായിരുന്നു. നിരാശരായ ആരാധകര്‍ മെസി ഹോങ്കോങ്ങിനെ വിലകുറച്ച് കണ്ടെന്നും വിമര്‍ശനം ഉന്നയിച്ചു.
മെസിയുടെ കളികാണാനാണ് തങ്ങള്‍ ടിക്കറ്റ് എടുത്തതെന്നും ടിക്കറ്റിന്റെ പണം തിരികെ തരണമെന്നും ആവശ്യപ്പെട്ട് കാണികള്‍ സംഘാടകരോട് പ്രതിഷേധിച്ചു. സ്റ്റേഡിയത്തില്‍ സ്ഥാപിച്ച മെസിയുടെ കട്ട് ഔട്ടുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
മത്സര ശേഷം ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനെത്തിയ ഇന്റര്‍ മയാമി ക്ലബ് ഉടമ ടേവിഡ് ബെക്കാമിനെതുരേയും ആരാധകര്‍ കൂവിയാര്‍ത്തിരുന്നു.
ഒന്നാം പകുതിയില്‍ മെസി കളിക്കാതിരുന്നപ്പോള്‍ തന്നെ അമര്‍ഷത്തില്‍ ആയിരുന്നു ആരാധകര്‍. രണ്ടാം പകുതിയിലും സൂപ്പര്‍താരം ഇലവനില്‍ ഇല്ലാത്തതോടെ ആരാധകരുടെ മട്ടും ഭാവവും മാറി ‘വീ വാണ്ട് മെസി’ ചാന്റുകള്‍ ഗാലറിയില്‍ മുഴക്കി. അവസാന വിസില്‍ മുഴങ്ങിയതോടെ മുദ്രാവാക്യം ‘റീ ഫണ്ട്’ എന്നായി മാറി.
മെസിക്ക് പുറമേ ഉറുഗ്വെന്‍ സൂപ്പര്‍താരം ലൂയിസ് സുവാരിസും മയാമി നിരയില്‍ ഉണ്ടായിരുന്നില്ല. സംഭവത്തിനെതിരെ ഹോങ്കോങ് സര്‍ക്കാരും രംഗത്തെത്തി. 25 കോടി രൂപയുടെ കരാറില്‍ മെസി 45 മിനിറ്റെങ്കിലും കളിക്കണമെന്ന് എഴുതിയിരുന്നു. പരുക്കൊന്നും ഇല്ലെങ്കില്‍ മാത്രമേ മാറ്റം വരുത്താകൂ എന്നും അറിയിച്ചിരുന്നു. പരിക്കൊന്നും ഇല്ലാഞ്ഞിട്ടും സൈഡ് ബെഞ്ചില്‍ ഇരുന്ന് കളി കണ്ട സൂപ്പര്‍താരത്തിനെതിരെ നടപടിക്കൊരുങ്ങുകയാണ് ഹോങ്കോങ് സര്‍ക്കാര്‍.
Content Highlight: Fans protest against Messi in Hong Kong