ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ നിലംപരിശാക്കിയായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തകര്‍ത്താടിയാണ് ആര്‍.സി.ബിക്ക് അനായാസ ജയം സമ്മാനിച്ചത്.
ഗോ ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായുള്ള തങ്ങളുടെ ഗ്രീന്‍ ജേഴ്‌സി ധരിച്ചാണ് ബെംഗളൂരു കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ മാത്രം ധരിക്കാറുള്ള ഗ്രീന്‍ ജേഴ്‌സിയില്‍ മികച്ച പ്രകടനമല്ല ഇത്രയും കാലം ടീം പുറത്തെടുത്തിട്ടുള്ളത്.
2011ല്‍ പുറത്തിറക്കിയതുമുതല്‍ കഴിഞ്ഞ സീസണിലൊഴികെ എല്ലാ സീസണിലും ബെംഗളൂരു തങ്ങളുടെ ഐക്കോണിക് ഗ്രീന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ 2011ലും 2016ലും മാത്രമാണ് ഇതുവരെ ടീമിന് ഗ്രീന്‍ ജേഴ്‌സിയില്‍ വിജയം നേടാന്‍ സാധിച്ചത്.
മറ്റെല്ലാ സീസണിലും ഗ്രീന്‍ ജേഴ്‌സി ധരിച്ചപ്പോള്‍ ബെംഗളൂരുവിന് ഒരിക്കല്‍ പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല (2015ല്‍ ഫലമില്ല). അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ഗ്രീന്‍ ജേഴ്‌സി ധരിക്കുമ്പോഴെല്ലാം ഉള്ളൊന്ന് കാളും.
2016ന് ശേഷം ആദ്യമായാണ് ആര്‍.സി.ബി ഗ്രീന്‍ ജേഴ്‌സിയില്‍ വിജയം സ്വന്തമാക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ തറപറ്റിച്ചതോടെ ആരാധകര്‍ക്ക് ടീം ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷ വന്നുതുടങ്ങിയിട്ടുണ്ട്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഗ്രീന്‍ ജേഴ്‌സി ധരിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് എപ്പോഴൊക്കെ ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിച്ചിട്ടുണ്ടോ, ആ സീസണിലെല്ലാം തന്നെ ടീം ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുമായിരുന്നു ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത്. (2009ല്‍ ഗ്രീന്‍ ജേഴ്‌സി പുറത്തിറക്കുന്നതിന് മുമ്പ് ഡെക്കാന്‍ ചാര്‍ജേഴ്‌സുമായും ചാലഞ്ചേഴ്‌സ് ഫൈനല്‍ കളിച്ചിട്ടുണ്ട്). എന്നാല്‍ എല്ലാ ഫൈനലിലും തോല്‍ക്കാനായിരുന്നു വിധി.
എന്നാല്‍, ഇത്തവണ ടീം ഫൈനലില്‍ പ്രവേശിക്കുമെന്നും കപ്പുയര്‍ത്തുമെന്നുമാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ഈ സാലാ കപ്പ് നംദേ എന്നത് അന്വര്‍ത്ഥമാക്കാനാണ് ബെംഗളൂരുവും ശ്രമിക്കുന്നത്.
നായകന്‍ ഫാഫ് ഡു പ്ലസിസിന്റെ അര്‍ധ സെഞ്ച്വറിയും രജത് പാടിദാറിന്റെയും മാക്സ്വെല്ലിന്റെയും മിന്നുന്ന പ്രകടനവുമായിരുന്നു ആര്‍.സി.ബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
അവസാനമെത്തി ആഞ്ഞടിച്ച ദിനേഷ് കാര്‍ത്തിക്കായിരുന്ന അക്ഷരാര്‍ത്ഥത്തില്‍ ദി ഷോ സ്റ്റീലര്‍. എട്ട് പന്തില്‍ നിന്നും ഒരു ബൗണ്ടറിയും നാല് സിക്സറുമടക്കം പുറത്താവാതെ 30 റണ്‍സായിരുന്നു ഡി.കെ സ്വന്തമാക്കിയത്.
ബാറ്റര്‍മാരുടെ ബലത്തില്‍ 192 റണ്‍സായിരുന്നു ആര്‍.സി.ബി നേടിയത്. ബാറ്റര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി തന്നെ നിര്‍വഹിച്ചപ്പോള്‍, ബൗളര്‍മാരും മോശമാക്കിയില്ല.
വാനിന്ദു ഹസരങ്കയുടെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സിനെ എറിഞ്ഞിട്ടപ്പോള്‍, 152 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ 12 മത്സരത്തില്‍ നിന്നും 7 വിജയവുമായി 14 പോയിന്റോടെ kisjhn mb നാലാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു. തുടര്‍വിജയങ്ങള്‍ക്ക് പിന്നാലെ തുടര്‍ പരാജയവും ശീലമാക്കിയ സണ്‍റൈസേഴ്സ് ആറാം സ്ഥാനത്താണ്.
Content Highlight: Fans predicts that RCB will play the Final of IPL 2022