| Sunday, 11th June 2023, 9:12 am

ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന് ഇതോടെ വ്യക്തമായി; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇസ്താന്‍ബുളിലെ അറ്റാതുര്‍ക്കില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ കന്നി കിരീടം നേടിയിരിക്കുകയാണ്. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം.

മത്സരത്തിന്റെ 68ാം മിനുട്ടില്‍ മധ്യനിര താരം റോഡ്രിയാണ് സിറ്റിക്കായി വിജയ ഗോള്‍ നേടിയത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗും എഫ്.എ കപ്പും സ്വന്തമാക്കിയ സിറ്റി യു.സി.എല്‍ നേടിയതോടെ ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം പേരിലാക്കിയിരിക്കുകയാണ്.

ഇതോടെ അടുത്ത ബാലണ്‍ ഡി ഓര്‍ ജേതാവ് ആരെന്നുള്ള ആരാധര്‍ക്കിടയിലുള്ള ചര്‍ച്ച ശക്തമായിരിക്കുകയാണ്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസിയും സീസണില്‍ ഇതുവരെ 52 ക്ലബ് ഗോളുകള്‍ നേടിയ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടുമാണ് ബാലണ്‍ ഡി ഓറിനായി ശക്തമായി പോരാടുക.

ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍സിലും കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ പോരാട്ടത്തിലും ഹാലണ്ടിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ പുരസ്‌കാരം ഇത്തവണ മെസി സ്വന്തമാക്കുമെന്നാണ് ആരാധകരില്‍ ചിലരുടെ വാദം.

മെസി ലോകകപ്പ് ഫൈനലിലാണ് മികച്ച പ്രകടനം പുറത്തെടുത്തതെന്നും എന്നാല്‍ ഹാലണ്ടിന് സ്വന്തമാക്കാനായത് ചാമ്പ്യന്‍സ് ലീഗ് കിരീടമാണെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓറും സ്വന്തമാക്കുമെന്നാണ് ആരാധകരില്‍ പലരും ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം, 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക. സെപ്റ്റംബര്‍ ആറിന് ബാലണ്‍ ഡി ഓര്‍, യാഷിന്‍ ട്രോഫി, കോപ്പ ട്രോഫി എന്നിവക്കുള്ള നോമിനികളുടെ പേരുകള്‍ പ്രഖ്യാപിക്കും.

മികച്ച ഗോള്‍ കീപ്പര്‍ക്കായി യാഷിന്‍ ട്രോഫി നല്‍കുമ്പോള്‍ മികച്ച യുവതാരത്തിനാണ് കോപ്പ അവാര്‍ഡ് നല്‍കുക. ഇരു പുരസ്‌കാരങ്ങള്‍ക്കുമായി 10 വീതം നോമിനികളെയാണ് പ്രഖ്യാപിക്കുമ്പോള്‍ വനിതാ ബാലണ്‍ ഡി ഓറിന് 20ഉം പുരുഷ ബാലണ്‍ ഡി ഓറിന് 30ഉം നോമിനികളെ പ്രഖ്യാപിക്കും.

Content Highlights: Fans predict Lionel Messi wins the Ballon D’or in this season

We use cookies to give you the best possible experience. Learn more