യുവേഫ യൂറോ ക്വാളിഫയര്‍ മത്സരത്തിലെ ഗോള്‍ നേട്ടത്തിന് പിന്നാലെ ഡച്ച് താരം വൂട്ട് വെഗോസ്റ്റിനെ (Wout Weghorst) പുകഴ്ത്തി ആരാധകര്‍. അയര്‍ലന്‍ഡിനെതിരായ വിജയഗോള്‍ നേടിയതിന് പിന്നാലെയാണ് എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വെഗോസ്റ്റിനെ പുകഴ്ത്തി രംഗത്തെത്തിയത്.
അവീവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡായിരുന്നു ആദ്യ ഗോള്‍ നേടിയത്. ആദ്യ വിസില്‍ മുഴങ്ങി നാലാം മിനിട്ടില്‍ തന്നെ പെനാല്‍ട്ടിയിലൂടെ ഐറിഷ് പട ലീഡ് നേടിയിരുന്നു. വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ ഹാന്‍ഡ് ബോളിനുള്ള ശിക്ഷയായിട്ടായിരുന്നു പെനാല്‍ട്ടി വിധിച്ചത്. അയര്‍ലന്‍ഡിനായി കിക്കെടുത്ത ആദം ഇഡാ പിഴവേതും കൂടാതെ പന്ത് വലയിലാക്കി.
എന്നാല്‍ അയര്‍ലന്‍ഡിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. അയര്‍ലന്‍ഡ് ഗോള്‍ നേടി കൃത്യം 15ാം മിനിട്ടില്‍ നെതര്‍ലന്‍ഡ്‌സ് തിരിച്ചടിച്ചു. പെനാല്‍ട്ടിയിലൂടെയായിരുന്നു ഡച്ച് പടയും ഗോള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി കോഡി ഗാക്‌പോയാണ് സ്‌കോര്‍ ചെയ്തത്.
തുടര്‍ന്ന് ലീഡ് നേടാന്‍ ഇരുടീമുകളും ശ്രമിച്ചിരുന്നെങ്കിലും ആദ്യ പകുതി സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കോച്ച് റൊണാള്‍ഡ് കൂമാന്‍ നിര്‍ണായക സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയിരുന്നു. മാറ്റ്‌സ് ഡാലെ ബ്ലൈന്‍ഡിനെ പിന്‍വലിച്ച് വെഗോസ്റ്റിനെ കളത്തിലിറക്കുകയായിരുന്നു.
കളത്തിലിറങ്ങി പത്താം മിനിട്ടില്‍ തന്നെ വേഗോസ്റ്റ് ഗോള്‍ നേടി. ഡംഫ്രൈസിന്റെ തകര്‍പ്പന്‍ അസിസ്റ്റായിരുന്നു ഓറഞ്ച് ആര്‍മിയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഒന്നിനെതിരെ രണ്ട് ഗോളിന് ഡച്ച് പടയുടെ വരുതിയിലായി.
ഈ ഗോളിന് പിന്നാലെ വെഗോസ്റ്റിന് ആരാധകരുടെ പ്രശംസകളേറുകയാണ്. വെഹോസ്റ്റ് എര്‍ലിങ് ഹാലണ്ടിനേക്കാള്‍ മികച്ച താരമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണെന്നുമെല്ലാം ആരാധകര്‍ പറയുന്നുണ്ട്.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ബിയില്‍ നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റുമായാണ് നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയവുമായി നാലാമതാണ് അയര്‍ലന്‍ഡ്.
ഒക്ടോബര്‍ 14നാണ് ക്വാളിഫയേഴ്‌സില്‍ നെതര്‍ലന്‍ഡ്‌സിന്റെ അടുത്ത മത്സരം. ഫ്രാന്‍സാണ് എതിരാളികള്‍.
Content Highlight: Fans praises Wout Weghorst