'മെസിയേക്കാള്‍ മികച്ച പ്രകടനം'; ക്രിസ്റ്റ്യാനോയുടെ സഹതാരത്തെ പ്രശംസിച്ച് ആരാധകര്‍
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇസ്തിക്‌ലോലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് അല്‍ നസര്‍ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 44ാം മിനിട്ടില്‍ സെനിന്‍ സെബായിലൂടെ ഇസ്തിക്‌ലോല്‍ ലീഡെടുത്തിരുന്നു.
ശക്തമായ പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് അല്‍ നസറിനായി അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്. മത്സരത്തിന്റെ 66ാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ റോണോ അല്‍ ആലാമിക്കായി സമനില നേടുകയായിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ പാടുപെട്ട അല്‍ നസറിനായി ഇരട്ട ഗോളുകള്‍ സമ്മാനിച്ച് മത്സരത്തില്‍ തിളങ്ങിയത് ടലിസ്‌കയാണ്.
മത്സരത്തിന് പിന്നാലെ നിരവധിയാളുകളാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. കളിയുടെ 72ാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ടലിസ്‌ക നേടിയ ഗോള്‍ ഇരുടീമുകളുടെയും സ്‌കോര്‍ 2-1 എന്ന നിലയിലാക്കി. അഞ്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ തന്നെ രണ്ടാമത്തെ ഗോള്‍ കൂടി വലയിലെത്തിച്ച് ടലിസ്‌ക അല്‍ നസറിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെക്കാള്‍ മികച്ച പ്രകടനമാണ് ടലിസ്‌ക ഈ വര്‍ഷം പുറത്തെടുത്തത് എന്നാണ് ആരാധകരില്‍ ചിലര്‍ എക്‌സില്‍ കുറിച്ചത്. ടലിസ്‌കയെ പുറത്താക്കി കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ ക്ലബ്ബിലെത്തിക്കാന്‍ അല്‍ നസറെടുത്ത തീരുമാനം തെറ്റായിപ്പോയെന്നും താരത്തിനോട് ക്ഷമാപണം നടത്തണമെന്നും ആരാധകര്‍ കുറിച്ചു.
ഇതുവരെ നടന്ന ആറ് മത്സരങ്ങൡ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ടലിസ്‌കയുടെ സമ്പാദ്യം. എ.എഫ്.സി ഗ്രൂപ്പ് ഇയില്‍ രണ്ട് ജയവും ആറ് പോയിന്റുകളുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍.
അതേസമയം, സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും രണ്ട് തോല്‍വിയുമായി 18 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് അല്‍ നസര്‍. 20, 19 എന്നിങ്ങനെ പോയിന്റുകളുമായി അല്‍ ഹിലാലും അല്‍ ഇത്തിഹാദുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഒക്ടോബര്‍ ആറിന് അബ്ഹക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlights: Fans praises Talisca after the win against Istiklol in AFC